ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിലെ ഡെമോക്രാറ്റിക് മേയർ പ്രൈമറി തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “100% കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്നാണ് ട്രംപ് മംദാനിയെ വിശേഷിപ്പിച്ചത്. ഡെമോക്രാറ്റുകൾ എല്ലാ പരിധികളും ലംഘിക്കുകയാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.
സൊഹ്‌റാൻ മംദാനിയെ പിന്തുണച്ച കോൺഗ്രസ് വനിത അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് (എഒസി), സെനറ്റർ ചക്ക് ഷൂമർ എന്നിവരെയും ഡോണാൾഡ് ട്രംപ് അതിരൂക്ഷമായി വിമർശിച്ചു. “ഒടുവിൽ അത് സംഭവിച്ചു, ഡെമോക്രാറ്റുകൾ പരിധി ലംഘിച്ചു. 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാൻ മംദാനി ഡെം പ്രൈമറിയിൽ വിജയിച്ചു, മേയറാകാനുള്ള പാതയിലാണ്. മുമ്പ് നമുക്ക് തീവ്ര ഇടതുപക്ഷക്കാർ ഉണ്ടായിരുന്നു, പക്ഷേ ഇത് അൽപ്പം പരിഹാസ്യമായി മാറുകയാണ്,” എന്നാണ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് വ്യക്തമാക്കിയത്.
ഇന്ത്യൻ വംശജയായ ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെയും ഇന്ത്യൻ ഉഗാണ്ടൻ അക്കാദമിക് ആയ മെഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ മംദാനി. ന്യൂയോർക്ക് മേയർ പ്രൈമറി തിരഞ്ഞെടുപ്പിൽ 93 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ, മംദാനിക്ക് 43.5 ശതമാനം വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥിയായ കുമോവോക്ക് 36.4 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
Discussion about this post