ഹെഡിങ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ തന്നെ ആയിരുന്നു പല അവസരങ്ങളിലും മുന്നിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ താരതമ്യേന മികച്ച സ്കോർ തന്നെ സ്വന്തമാക്കുന്നു. ശേഷം 6 റൺസിന്റെ ചെറുതെങ്കിലും ലീഡും സ്വന്തമാക്കുന്നു. രണ്ട് ഇന്നിങ്സിലുമായി 835 റൺസ്, അഞ്ച് സെഞ്ച്വറികൾ, ടോപ് ഓർഡറിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനം, ഇംഗ്ലണ്ട് ബാറ്റിംഗിൽ ജസ്പ്രീത് ബുംറ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റും സ്വന്തമാക്കുന്നു. എന്നിട്ടും ഇന്ത്യ ടെസ്റ്റ് തോറ്റു എന്ന് പറഞ്ഞാൽ പലർക്കും അതൊരു ഞെട്ടൽ തന്നെയാകും.
ജയം ഉറപ്പിച്ച ഒരു മത്സരം തോറ്റ സങ്കടത്തിൽ ഇന്ത്യൻ ആരാധകർ ഇരിക്കുമ്പോൾ കൂനിന്മേൽ കുരു എന്ന് പറഞ്ഞത് പോലെ ആരാധകരെ നിരാശപ്പെടുത്തുന്ന അടുത്ത അപ്ഡേറ്റ് പറഞ്ഞിരിക്കുകയാണ് ഗൗതം ഗംഭീർ. പത്രസമ്മേളനത്തിനിടെ, ജസ്പ്രീത് ബുംറ അടുത്ത ടെസ്റ്റ് കളിക്കില്ലെന്ന് ഗംഭീർ സൂചന നൽകി. ആദ്യ ടെസ്റ്റ് മത്സരം തോറ്റ് നിൽക്കുന്ന സാഹചര്യം ആണെങ്കിലും അഞ്ച് ടെസ്റ്റ് മത്സരങ്ങളും കളിക്കാൻ ബുംറയെ നിർബന്ധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക്, ജോലിഭാരം കൈകാര്യം ചെയ്യുക എന്നതാണ് കൂടുതൽ പ്രധാനം. അടുത്ത കുറച്ച് ദിവസങ്ങളിൽ, ബുംറയുടെ ശാരീരികാവസ്ഥ വിലയിരുത്തി അദ്ദേഹം ഏതൊക്കെ രണ്ട് ടെസ്റ്റുകൾ കൂടി കളിക്കണമെന്ന് തീരുമാനിക്കും. ജാസ്സി കളിച്ചില്ലെങ്കിലും, ഞങ്ങൾക്ക് ഇപ്പോഴും കഴിവുള്ള ഒരു ബൗളിംഗ് ആക്രമണം ഉണ്ട്,” ഗംഭീർ പറഞ്ഞു.
ബുംറ കളിക്കാത്ത സാഹചര്യം വന്നാൽ സിറാജ് നയിക്കുന്ന ബോളിങ് അറ്റാക്കിലേക്ക് അർശ്ദീപ് സിംഗ് എത്താനാണ് സാധ്യത .
Discussion about this post