നിയവും നീതിന്യായ വ്യവസ്ഥയും ജനാധിപത്യ ഭരണകൂടവും നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് പൗരന്മാർ പാലിക്കേണ്ട ചിലവട്ടങ്ങളുണ്ട്. പണവിനിമയത്തിൽ പോലും അത് പാലിക്കേണ്ടതുണ്ട്. ഒരാൾക്ക് ബന്ധുക്കളിൽ നിന്നു കൈപ്പറ്റാവുന്ന വായ്പ മുതൽ സംഭാവന നൽകാവുന്ന പണത്തിനു വരെ കൃത്യമായ പരിധിയുണ്ട്. അപ്പോൾ ഉയരുന്ന ചോദ്യമാവും വീടുകളിൽ എത്ര രൂപ സൂക്ഷിക്കാം എന്നത്?
വീടുകളിൽ സൂക്ഷിക്കാവുന്ന പണത്തിനു അങ്ങനെ പ്രത്യേകിച്ച് പരിധിയൊന്നുമില്ല.പക്ഷേ നിങ്ങൾ കൈവശം വയ്ക്കുന്ന ഒരോ രൂപയ്ക്കും കൃത്യമായ കണക്ക് ഉണ്ടായിരിക്കണം എന്നുമാത്രം. കൂടാതെ വരുമാനത്തിന്റെ ഉറവിടം, നികുതി അടയ്ക്കുന്നുണ്ടെങ്കിൽ അതിന്റെ രേഖകൾ എന്നിവ കൈവശം വയ്ക്കേണ്ടതുണ്ട്. എന്നാൽ ഒരു ആദായനികുതി റെയ്ഡ് നടന്നാൽ പണത്തിന്റെ ഉറവിടം തെളിയിക്കേണ്ടത് നിർബന്ധമാണ്. അപ്പോൾ കണക്കിൽപ്പെടാത്ത പണത്തിന് പിഴ ഈടാക്കാം, വിശദീകരിക്കാത്ത പണം പിടിച്ചെടുക്കാൻ ആദായനികുതി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. മൊത്തം തുകയുടെ 137% വരെ പിഴ ചുമത്തും.
ഒരാൾ 50,000 രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കുമ്പോഴോ, പിൻവലിക്കുമ്പോഴോ പാൻ കാർഡ് വ്യക്തമാക്കണമെന്നാണു സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് നിയമങ്ങൾ വ്യക്തമാക്കുന്നത്. ഒരു വർഷത്തിൽ 20 ലക്ഷത്തിലധികം പണം നിക്ഷേപിക്കാൻ പാൻ കാർഡിനൊപ്പം ആധാർ കാർഡും നിർബന്ധമാണ്. ഈ നിയമം പിന്തുടർന്നില്ലേൽ 20 ലക്ഷം രൂപ വരെ പിഴ ശിക്ഷയ്ക്കു വിധേയമാകാം.
ഒരു വർഷം ഒരു കോടിയിലധികം പണം ബാങ്കിൽ നിന്ന് പിൻവലിച്ചാൽ 2 ശതമാനം ടിഡിഎസ് ബാധകമാകും.
ഒരു വർഷത്തിൽ 20 ലക്ഷത്തിൽ കൂടുതൽ പണമിടപാടുകൾ നടത്തിയാൽ പിഴ ഈടാക്കാം. 30 ലക്ഷത്തിലേറെ രൂപയുടെ വസ്തു ഇടപാടും അന്വേഷിക്കപ്പെട്ടേക്കാം.
എന്തെങ്കിലും വാങ്ങുന്നതിന് 2 ലക്ഷത്തിൽ കൂടുതൽ പണമായി നൽകാൻ സാധിക്കില്ല. ഇത്തരത്തിലുള്ള ഇടപാടുകൾക്ക് ഉപയോക്താവ് പാൻ, ആധാർ തുടങ്ങിയ രേഖകൾ വെളിപ്പെടുത്തേണ്ടി വരും.
ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഒരേസമയം ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാട് നടത്തിയാൽ അന്വേഷണങ്ങൾ നേരിട്ടേക്കാം.
ഒരു ദിവസം രണ്ട് ലക്ഷത്തിലധികം തുക ഒരു ബന്ധുവിൽ നിന്ന് പണമായി കൈപ്പറ്റാൻ സാധിക്കില്ല. ഇവിടെ ബാങ്കിന്റെ സഹായം തേടേണ്ടി വരും.
ഒരു വ്യക്തിയിൽ നിന്ന് 20,000 രൂപയിൽ കൂടുതൽ വായ്പയായി സ്വീകരിക്കാൻ കഴിയില്ല.
2,000 രൂപയിൽ കൂടുതൽ പണമായി സംഭാവന ചെയ്യാൻ സാധിക്കില്ല.
Discussion about this post