ന്യൂഡൽഹി : ഇന്ത്യയുടെ ആയുധശേഖരത്തിലേക്ക് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൂടി എത്താൻ ഒരുങ്ങുകയാണ്. റഷ്യയിൽ നിന്നും കൂടുതൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇന്ത്യ. ഇതോടൊപ്പം തന്നെ റഷ്യയുടെ ആധുനിക വ്യോമ പ്രധിരോധ സംവിധാനമായ എസ്-500 വാങ്ങാനും ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യൻ ഉന്നത നേതൃത്വത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ എസ്-500 വിൽപ്പന നടത്താൻ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന് കഴിയൂ എന്നുള്ളതിനാൽ കൂടുതൽ ചർച്ചകൾക്കായി കാത്തിരിക്കുകയാണ് ഇന്ത്യ.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടന്ന പാകിസ്താൻ ആക്രമണത്തിൽ മികച്ച പ്രതിരോധം കാഴ്ചവച്ചതോടെയാണ് കൂടുതൽ എസ്-400കൾ വാങ്ങാനായി ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. 2018ലാണ് എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യയും റഷ്യയും കരാറിൽ എത്തിയിരുന്നത്. 5 എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആയിരുന്നു അന്ന് ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാനായി കരാർ ഉണ്ടാക്കിയത്. 5.43 ബില്യൺ ഡോളറിന്റെ കരാറായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചത്. ഈ കരാർ പ്രകാരമുള്ള 3 വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് നിലവിൽ ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്. ശേഷിക്കുന്ന രണ്ട് എസ്-400 യൂണിറ്റുകൾ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിശദമായ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. വ്യോമയാന മേഖലയിലെ സാങ്കേതികവിദ്യകളുടെ കൈമാറ്റത്തിലും ഇരു രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചു. ഇതോടൊപ്പം തന്നെ ഇന്ത്യയുടെ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ നിർമ്മാണ സംരംഭമായ ‘പ്രോജക്ട് കുശ’യിലും ഡിആര്‍ഡിഒ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എസ്-400നേക്കാൾ ദീർഘദൂരശേഷിയുള്ളതും എസ്-500ന് സമാനമായതുമായ ഇന്ത്യൻ നിർമ്മിത വ്യോമ പ്രതിരോധ സംവിധാനമാണ് ‘പ്രോജക്ട് കുശ’യിലൂടെ ഇന്ത്യ യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്നത്.
Discussion about this post