സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വൻ വർദ്ധനവ്. നിലവിൽ കിലോയ്ക്ക് 400 രൂപയ്ക്കും മുകളിലാണ് വില. വെളിച്ചെണ്ണ വില മൊത്ത വിപണിയിൽ ലിറ്ററിന് 400 കടന്നു. ആറു മാസം മുമ്പ് മൊത്ത വില 160 രൂപയായിരുന്നു. മാർച്ച് മുതലാണ് വില കുതിച്ചുയരാൻ തുടങ്ങിയത്. ഏപ്രിലിൽ ലിറ്ററിന് 300 കടന്നു. ഓണം അടുക്കുമ്പോൾ 500 ആകുമെന്നാണ് ആശങ്ക.
വെളിച്ചെണ്ണ വില കുതിക്കുമ്പോൾ താളം തെറ്റുന്നത് കുടുംബ ബജറ്റുകളുടെ മാത്രമല്ല, ഹോട്ടൽ, കേറ്ററിങ്, ചെറുകിട പലഹാരക്കടകളുടെ ബജറ്റുകൾ കൂടിയാണ്.എണ്ണയിൽ വറുത്തെടുക്കുന്ന ചിപ്‌സ് ഐറ്റങ്ങൾക്ക് കിലോയ്ക്ക് എൺപത് രൂപ വരെ വില കൂട്ടിക്കഴിഞ്ഞു. തേങ്ങയ്ക്കും തീവിലയായതോടെ തേങ്ങാച്ചമ്മന്തി പോലുള്ളവയും പല കടകളിൽ നിന്നും അപ്രത്യക്ഷമായി.
ആഗോള തലത്തിൽ കൊപ്രയുടെ ലഭ്യത ചുരുങ്ങിയതു തന്നെയാണ് വെളിച്ചെണ്ണവില മുന്നേറാൻ ഇടയാക്കിയത്. ഫിലിപ്പീൻസിൽനിന്നും ഇന്തൊനീഷ്യയിൽനിന്നുമുള്ള പച്ചത്തേങ്ങ, കൊപ്ര വരവ് രാജ്യാന്തര മാർക്കറ്റിൽ വർഷാരംഭം മുതൽ ചുരുങ്ങിയത് വാങ്ങൽ താൽപര്യം ഇരട്ടിപ്പിച്ചു. ഇന്ത്യൻ വെളിച്ചെണ്ണ വില ടണ്ണിന് 4300 ഡോളറിന് മുകളിലാണ്. ഇതിനിടെ ചിരട്ട വില ടണ്ണിന് 1000 ഡോളറിലേക്ക് അടുത്തു. ഇന്തൊനീഷ്യ 1050 ഡോളറാണ് ചിരട്ടയ്ക്ക് ആവശ്യപ്പെടുന്നത്. ചൈനയും യൂറോപ്യൻ രാജ്യങ്ങളും കിട്ടുന്ന വിലയ്ക്ക് കൊപ്ര ശേഖരിക്കുന്നുണ്ട്.
Discussion about this post