സംസ്ഥാനത്തെ സ്‌കൂളുകളിൽ സൂംബ, ഏറോബിക്‌സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങൾ നടപ്പാക്കുന്നതിനെതിരെ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആർടിഎഫ് റൂൾ പ്രകാരം സർക്കാർ നിർദേശിക്കുന്ന പഠന പ്രക്രിയകൾക്ക് കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതിൽ ചോയ്‌സ് ഇല്ലെന്നും മന്ത്രി വിശദീകരിച്ചു. കുട്ടികളോട് ആരും അൽപവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്‌കൂളിൽ കുട്ടികൾ യൂണിഫോമിൽ ആണ് ലഘു വ്യായാമ പ്രക്രിയകൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസത്തിനുള്ള അവകാശം (ആർടിഇ) പ്രകാരം സർക്കാർ നിർദേശിക്കുന്ന പഠന പ്രക്രിയകളിൽ വിദ്യാർഥികൾ നിർബന്ധമായും പങ്കെടുക്കണം. കായിക വിനോദങ്ങളിൽ ഉൾപ്പെടുന്നത് കുട്ടികളിൽ മാനസികവും, ശാരീരികവുമായ ഉന്മേഷം വളർത്താൻ സഹായിക്കും. ഇത് അവരുടെ പഠനത്തെയും വ്യക്തിത്വ വികാസത്തെയും സ്വാധീനിക്കും. കേരളത്തിലെ 90 ശതമാനം വിദ്യാലയങ്ങളിലും സൂംബ ഉൾപ്പെടെയുള്ള കായിക വിനോദങ്ങളുടെ റിഹേഴ്‌സൽ നടന്നുവരികയാണ്. ഇത്തരം ആരോഗ്യകരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ഈ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. ഇത്തരം എതിർപ്പുകൾ ലഹരിയെക്കാൾ മാരകമായ വിഷം സമൂഹത്തിൽ കലർത്തുകയും വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനു പകരം വർഗീയതയ്ക്കും വിഭാഗീയതയ്ക്കും വളം നൽകുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
സൂംബ ഡാൻസ് പദ്ധതിക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി കെ അഷ്‌റഫ് അടക്കമുള്ളവരാണ് രംഗത്തെത്തിയത്. സൂംബ ഡാൻസ് കളിക്കണമെന്ന നിർദേശം പാലിക്കാൻ തയാറല്ലെന്നും ഒരു അദ്ധ്യാപകനെന്ന നിലയിൽ താൻ വിട്ടുനിൽക്കുകയാണെന്നും ഈ വിഷയത്തിൽ ഏത് നടപടിയും നേരിടാൻ താൻ തയാറാണെന്നും അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു. തന്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യോജിക്കാൻ കഴിയാത്ത ആളുകളിൽ പോലും സൂംബ അടിച്ചേൽപ്പിക്കുകയാണ്. സൂംബ ഡാൻസ് പഠിക്കാൻ കുട്ടികൾക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകളിൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയാണ്. കുട്ടികളെ അത്തരം കൾച്ചറിലേക്ക് കൊണ്ടുപോകരുത്. സ്‌കൂളിൽ അയക്കുന്നതിന് ഇതിന് വേണ്ടിയല്ലെന്ന് ടി കെ അഷ്‌റഫ് പറയുന്നു
Discussion about this post