പശ്ചിമബംഗാളിലെ സൗത്ത് കൊൽക്കത്ത ലോ കോളേജിൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ വീണ്ടും അതിജീവിതയെ അപമാനിക്കുന്നത് തുടർന്ന് തൃണമൂൽ നേതാക്കൾ. വിദ്യാർത്ഥിനി ക്യാമ്പസിലേയ്ക്ക് പോകാതിരുന്നുവെങ്കിൽ സംഭവം ഉണ്ടാകില്ലായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ മദൻ മിത്ര പറഞ്ഞു.
എവിടെക്കാണ് പോകുന്നതെന്ന് പെൺകുട്ടി ആരോടെങ്കിലും പറഞ്ഞിരുന്നുവെങ്കിലോ ഒന്നോ രണ്ടോ സുഹൃത്തുക്കളെ ഒപ്പം കൂട്ടിയിരുന്നുവെങ്കിലോ ഇത് സംഭവിക്കില്ലായിരുന്നു. പെൺകുട്ടിക്ക് നേർക്ക് ആക്രമണം നടത്തിയവർ സാഹചര്യത്തിന്റെ ആനുകൂല്യം മുതലെടുക്കുകയായിരുന്നുവെന്നുമായിരുന്നു എംഎൽഎയുടെ വാക്കുകൾ.
നേരത്തെ തൃണമൂൽ എംപി കല്യാൺ ബാനർജിയും സംഭവത്തെക്കുറിച്ച് വിവാദപരാമർശം നടത്തിയിരുന്നു. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താൽ എന്താണ് ചെയ്യാൻ കഴിയുക എന്നായിരുന്നു ബാനർജിയുടെ പരാമർശം.എല്ലായിടത്തും എപ്പോഴും പോലീസ് ഉണ്ടാകുമോ എന്നും ചില പുരുഷന്മാർ മാത്രം ഇത്തരത്തിൽ ചെയ്യുന്നതിനെതിരെ സ്ത്രീകൾ തന്നെ രംഗത്തുവരണമെന്നും കല്യാൺ ബാനർജി പറഞ്ഞു. ബലാത്സംഗക്കേസിലെ മുഖ്യപ്രതി മൊണോജിത് മിശ്ര തൃണമൂൽ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗത്തിന്റെ ഭാരവാഹിയാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയായിരുന്നു എംപിയുടെ വിവാദ പരാമർശം ഉണ്ടായത്.
Discussion about this post