പോർച്ചുഗലിന്റെയും ലിവർപൂളിന്റെയും മുന്നേറ്റ നിര താരം ഡിയോഗോ ജോട്ട( 28 ) വാഹനാപകടത്തിൽ മരിച്ചു. സ്പാനിഷ് ദിനപത്രമായ മാർക്കയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തത്. താരത്തിന്റെ കൂടെ യാത്ര ചെയ്തിരുന്ന സഹോദരൻ ആന്ദ്രേ ജോട്ടയും ( ഫുട്‍ബോൾ താരം) അപകടത്തിൽ മരിച്ചു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
സമോറയ്ക്ക് സമീപം ഉള്ള പട്ടണത്തിനടുത്താണ് അപകടം നടന്നത്. ജോട്ട സഹോദരനോടൊപ്പം തന്റെ ലംബോർഗിനി കാറിലാണ് യാത്ര ചെയ്തിരുന്നത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന ലംബോർഗിനിയുടെ ടയർ പൊട്ടിത്തെറിച്ചിരിക്കാമെന്ന് ആണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആയിരുന്നു ജോട്ടയുടെ വിവാഹം കഴിഞ്ഞത്. തന്റെ കാമുകിയായ റൂട്ട് കാർഡോസോയെ ജോട്ട വിവാഹം കഴിച്ചത് ജൂൺ 22 നായിരുന്നു. ദമ്പതികൾക്ക് മൂന്ന് കുട്ടികൾ ഉണ്ട്. വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ തന്നെ വൈറൽ ആയിരുന്നു. 2020 സെപ്റ്റംബറിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിൽ നിന്ന് 40 മില്യൺ പൗണ്ടിലധികം പ്രതിഫലത്തിലാണ് ഈ മുന്നേറ്റ താരവുമായി ലിവർപൂൾ കരാറിലെത്തിയത്. ലിവർപൂളിനായി 123 മത്സരങ്ങൾ കളിച്ച താരം 47 ഗോളുകൾ നേടിയിട്ടുണ്ട്.
Discussion about this post