ന്യൂഡൽഹി : ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ താല്പര്യമറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താനിൽ നിന്നും ഉണ്ടായ ആക്രമണത്തെ വിജയകരമായി ചെറുക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായിരുന്നു ആകാശ്. ഇന്ത്യയുടെ അഭിമാന സംരംഭമായ ആകാശ് വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്താനിരിക്കുകയാണ് ബ്രസീൽ.
ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീൽ സന്ദർശിക്കുന്ന സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തുമെന്നാണ് ബ്രസീൽ പ്രതിരോധ മന്ത്രാലയം സൂചിപ്പിക്കുന്നത്. ബ്രസീലുമായുള്ള ചർച്ചകളിൽ പ്രതിരോധ സഹകരണം ഒരു പ്രധാന അജണ്ടയായിരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി സ്വപ്നങ്ങൾക്കുള്ള വലിയ പ്രോത്സാഹനമാണ് ആകാശ്, ബ്രഹ്മോസ് തുടങ്ങിയവയിലൂടെ ലഭിക്കുന്നത്. ആകാശ് മിസൈലുകളും സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും ഉൾപ്പെടെയുള്ള ഇന്ത്യൻ നിർമ്മിത സൈനിക പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നതായാണ് ബ്രസീൽ വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യാണ് ആകാശ് മിസൈൽ സംവിധാനം വികസിപ്പിച്ചെടുത്തത്. 25 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഒരു ഇടത്തരം, ഉപരിതല-വായു മിസൈൽ ആയ ആകാശ് മിസൈൽ സംവിധാനത്തിന് സൂപ്പർസോണിക് വേഗതയിൽ വിമാനങ്ങളെയും ഡ്രോണുകളെയും ലക്ഷ്യമിടാൻ കഴിയും. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്താൻ ഡ്രോണുകളെയും ക്രൂയിസ് മിസൈലുകളെയും നേരിടാനുള്ള തന്റെ കഴിവ് ആകാശ് തെളിയിച്ചിരുന്നു.
Discussion about this post