എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 269 റൺസ് നേടി റെക്കോഡ് പുസ്തകത്തിൽ ഇടം പിടിച്ച ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ആണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാ വിഷയം. ഇംഗ്ലണ്ട് മണ്ണിൽ ഒരു ഇന്ത്യൻ താരം 23 വർഷങ്ങൾക്ക് ശേഷം നേടുന്ന ഇരട്ട സെഞ്ച്വറി, ഒരു ഇന്ത്യൻ നായകന്റെ ഇംഗ്ലണ്ട് മണ്ണിലെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടം ഉൾപ്പടെ ഒരുപിടി നേട്ടങ്ങളാണ് ഗിൽ സ്വന്തമാക്കിയത്. എന്തായാലും ഇന്ത്യയെ രണ്ടാം ദിനം ഡ്രൈവിംഗ് സീറ്റിൽ ഇരുത്തിയ ഇന്നിങ്സിന് ശേഷം ഹെഡ് കോച്ച് ഗൗതം ഗംഭീറുമായുള്ള സംഭാഷണം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വെളിപ്പെടുത്തി. ആദ്യ ദിനം നേടിയത് പോലെ തുടർച്ചയായി രണ്ടാം ദിനം ബൗണ്ടറികൾ നേടാൻ കഴിയാത്തതിൽ താൻ അസ്വസ്ഥൻ ആയിരുന്നു എന്നും ഗിൽ പറഞ്ഞു.
സെന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ നായകൻ ആയി മാറിയ ഗിൽ തന്റെ തകർപ്പൻ നേട്ടത്തിന് ശേഷം പറഞ്ഞത് ഇങ്ങനെ:
“ഇന്നലെ ഉച്ചഭക്ഷണ ഇടവേളയ്ക്ക് ഡ്രസിങ് റൂമിൽ എത്തിയപ്പോൾ ഞാൻ അസ്വസ്ഥൻ ആയിരുന്നു. ചായയ്ക്ക് മുമ്പ് 100 പന്തുകൾ കളിച്ച എനിക്ക് 35-40 റൺസ് മാത്രമാണ് നേടാനായത്. ഞാൻ ഡ്രസ്സിംഗ് റൂമിൽ പോയി ജിജി ഭായിയോട് (ഗൗതം ഗംഭീർ) ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. എനിക്ക് ബൗണ്ടറികൾ ലഭിക്കുന്നില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ ഫീൽഡർമാരെ തുടർച്ചയായി കണ്ടെത്തി. എന്തായാലും നീ അവിടെ തന്നെ ഉറച്ചു നിൽക്കുക എന്നാണ് ഗൗതം അപ്പോൾ പറഞ്ഞത്.”
മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് 141.24 ശരാശരിയിൽ 424 റൺസ് നേടിയ ഗിൽ ആണ് ഈ പരമ്പരയിലെ ഏറ്റവും കൂടുതൽ റൺ നേടി താരങ്ങളുടെ പട്ടികയിൽ മുന്നിൽ. എഡ്ജ്ബാസ്റ്റണിലെ ഗില്ലിന്റെ തകർപ്പൻ ഇരട്ട സെഞ്ച്വറി മികവിൽ ഇന്ത്യ 587 റൺസാണ് ആദ്യ ഇന്നിങ്സിൽ നേടിയത്. മറുപടിയിൽ ഇംഗ്ലണ്ട് 77 – 3 എന്ന നിലയിൽ നിൽക്കുകയാണ്.
Discussion about this post