രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ പോലും എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ജയിക്കാൻ കഴിയുമെന്ന ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് ജീതൻ പട്ടേലിന്റെ ശുഭാപ്തിവിശ്വാസം ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ തള്ളിക്കളഞ്ഞു. പട്ടേലിന്റെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യം നൽകാതെ, മത്സരം നടക്കുന്നത് മൈതാനത്ത് ആണെന്നും അതിൽ മാത്രമാണ് തന്റെ ശ്രദ്ധ എന്നും ജഡേജ പറഞ്ഞ.
എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ മികച്ച ഓൾറൗണ്ട് പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ ആധിപത്യം സ്ഥാപിച്ചു. 310-5 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച സന്ദർശകർ 587 റൺസ് നേടി. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി 269 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തന്നെ ആണ് ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ല് ആയത്. ജഡേജ 89 റൺസ് നേടി തന്റെ ഭാഗം മികച്ചതാക്കി. മറുപടിയിൽ ഇംഗ്ലണ്ട് 77-3 എന്ന നിലയിൽ തകർച്ച നേരിടുകയാണ്.
ഇംഗ്ലണ്ട് മത്സരത്തിൽ പിന്നിൽ ആണെങ്കിലും ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് പട്ടേൽ അവർക്ക് ഇപ്പോഴും മത്സരം ജയിക്കാൻ കഴിയുമെന്ന് ഉറപ്പിച്ചു പറഞ്ഞു. രണ്ടാം ദിവസത്തെ കളിക്കുശേഷം നടന്ന പത്രസമ്മേളനത്തിൽ പട്ടേലിന്റെ അഭിപ്രായത്തെക്കുറിച്ച് ഉൽ ജഡേജയുടെ അഭിപ്രായം ചോദിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ”
“പത്രസമ്മേളനത്തിൽ, നിങ്ങൾക്ക് എന്ത് വേണമെങ്കിലും സംസാരിക്കാം. അത് എന്റെ കാര്യമല്ല. പക്ഷേ, ദിവസാവസാനം, നിങ്ങൾ പുറത്തുപോയി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ആ 20 വിക്കറ്റുകൾ നേടുകയും വേണം. അതാണ് പ്രധാനം.”
ഇംഗ്ലണ്ട് നേരിടുന്ന ഈ ദുഷ്‌കരമായ അവസ്ഥയിൽ നിന്ന് രണ്ടാം ടെസ്റ്റ് ജയിക്കാൻ ഇനിയും കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, പട്ടേൽ ഇങ്ങനെ മറുപടി നൽകി
“100 ശതമാനം. നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ ഞാൻ ഇത് പലതവണ പറഞ്ഞിട്ടുണ്ട്. നിങ്ങൾ എന്നെ പരിഹസിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾ ഡ്രസിങ് റൂമിൽ തിരിച്ചെത്തി നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കും. നാളെ എന്ത് ചെയ്യണം എന്ന് ആലോചിക്കും. വിശ്രമത്തിന് ശേഷം ഏറ്റവും മികച്ച പ്രകടനം നടത്തി തിരിച്ചുവരും.”
“മൂന്ന് ദിവസത്തെ ക്രിക്കറ്റ് ബാക്കിയുണ്ട്, ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്, വേഗതയേറിയ സ്കോറിംഗ് ഗ്രൗണ്ടിൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയില്ല. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാൻമാർ ഇപ്പോൾ ക്രീസിലുണ്ട്, അവർ നാളെ തിരിച്ചെത്തി നല്ല ക്രിക്കറ്റ് കളിക്കാൻ ശ്രമിക്കും” മുൻ ന്യൂസിലൻഡ് ഓഫ് സ്പിന്നർ കൂട്ടിച്ചേർത്തു.
എന്തായാലും ഇന്ന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നേടാനായാൽ ഇന്ത്യക്ക് വലിയ ആധിപത്യം ഈ ടെസ്റ്റിൽ കിട്ടും.
Discussion about this post