കേരള ക്രിക്കറ്റ് ലീഗിന്റെ വരുന്ന പതിപ്പിൽ ആദ്യമായി ഈ ലീഗിൽ കളിക്കളത്തിലിറങ്ങുന്ന സൂപ്പർ താരം സഞ്ജു സാംസണെ, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 26.60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. ഇതോടെ ലീഗിലെ ഏറ്റവും വിലകൂടിയ താരമായി സഞ്ജു സാംസൺ മാറിയിരിക്കുകയാണ്.
3 ലക്ഷം രൂപ അടിസ്ഥാന വിലയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്ന സാംസൺ, നിമിഷങ്ങൾക്കുള്ളിൽ 5 ലക്ഷം രൂപയും 10 ലക്ഷം രൂപയും കടന്ന് വലിയ തുകയിലേക്ക് കുതിച്ചുയർന്നു. തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും താരത്തിനായി മത്സരിച്ചതോടെ കൊച്ചിക്കും വാശിയായി. തുടർന്ന് വലിയ ലേല യുദ്ധം കഴിഞ്ഞ് കൊച്ചി റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി. ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ സൈനിങ്ങിനായി തങ്ങളുടെ ബഡ്ജറ്റിലെ പകുതി തുകയും ചിലവഴിച്ചു എന്നും ശ്രദ്ധിക്കണം.
2024 ഡിസംബറിൽ വയനാട്ടിൽ ക്യാമ്പിൽ പങ്കെടുക്കാത്തതിനെ തുടർന്ന് വിവാദപരമായി വിജയ് ഹസാരെ ട്രോഫി ടീമിൽ നിന്ന് പുറത്തായതിന് ശേഷം കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) മേൽനോട്ടത്തിലുള്ള ഒരു ടൂർണമെന്റിൽ സാംസൺ പങ്കെടുക്കുന്ന ആദ്യ പ്രധാന മത്സരമാണിത്. കേരളം ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയപ്പോഴും സഞ്ജു ടീമിൽ ഇല്ലായിരുന്നു.
കഴിഞ്ഞ വർഷം, അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുൻഗണന നൽകുന്നതിനായി സാംസൺ കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിക്കപ്പെട്ടിട്ടും, ലീഗിന്റെ ഉദ്ഘാടന പതിപ്പിൽ നിന്ന് മാറി നിൽക്കുക ആയിരുന്നു.
Discussion about this post