ലോകത്തിൽ ഏറ്റവും കൂടുതൽ കായിക പ്രേമികൾ ആവേശത്തോടെ ഉറ്റുനോക്കുന്ന എൽ ക്ലാസിക്കോ മത്സരമോ,മാഞ്ചസ്റ്റർ ഡെർബിയോ ഉള്ള ഒരു ദിവസം ആയിക്കോട്ടെ ഫുട്ബോൾ ആരാധകരെ പോലും ക്രിക്കറ്റ് കളി കാണാൻ പ്രേരിപ്പിക്കണം എങ്കിൽ ഓർത്തുകൊള്ളുക, അന്ന് ഇന്ത്യ പാകിസ്ഥാൻ മത്സരം ഉണ്ടായിരിക്കും എന്ന് ഉറപ്പിക്കാം. ക്രിക്കറ്റ് ആരാധകരെയും പ്രക്ഷേപണ ഭീമന്മാരെയും സന്തോഷിപ്പിക്കാൻ കഴിയുന്ന പോരാട്ടം വരണം എങ്കിൽ ലോകവേദികളിൽ മാത്രം സംഭവിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം നടക്കണം. അതിനാൽ തന്നെ ഇരുവരും ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താകരുത് എന്ന് ആഗ്രഹിക്കുന്നത് പ്രക്ഷേപണ വമ്പന്മാർ തന്നെ ആയിരിക്കും. ഇരു ടീമുകൾ വിക്കറ്റുകൾക്കിടയിൽ ഓടുമ്പോൾ റൺസുകളെക്കാൾ വീറോടെ ഉയർന്നുപൊങ്ങുക ആ വാണിജ്യ താത്പര്യങ്ങൾ തന്നെയാകും. പാക്കിസ്ഥാനുമായുള്ള ദ്വിരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഇന്ത്യ പിന്മാറിയ ശേഷം വളരെ അപൂർവമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്.
ഇന്ത്യ 28 വർഷത്തിന് ശേഷം ലോകകിരീടത്തിൽ മുത്തമിട്ടത് 2011 സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ശ്രീലങ്കയെ തോൽപിപ്പിച്ചതിന് ശേഷമായിരുന്നു. നീണ്ട കാലം ഇന്ത്യൻ ക്രിക്കറ്റിനെ ഉയർച്ചയുടെ പടവുകൾ കയറുവാൻ സഹായിച്ച സച്ചിൻ ടെണ്ടുൽക്കർ എന്ന ഇതിഹസത്തെ കിരീടനേട്ടത്തിനു ശേഷം സഹതാരങ്ങൾ തോളിലേറ്റിയത് അയാളോടുള്ള നന്ദി സമർപ്പണത്തിന്റെ ഭാഗമായിരുന്നു. ആ ലോകകപ്പിൽ ആരാധകർ ആവേശത്തോടെ ഉറ്റുനോക്കിയ ഇന്ത്യ പാകിസ്ഥാൻ സെമിഫൈനൽ പോരട്ടം, നൂറാം സെഞ്ചുറി എന്ന അപൂർവ നേട്ടത്തിനരികെ നിൽക്കുന്ന സച്ചിൻ പാകിസ്താന് എതിരെ അത് നേടുമെന്ന് ഇന്ത്യൻ ജനത വിശ്വസിച്ചപ്പോൾ അതിന് അനുവദിക്കില്ല എന്ന് പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി പറഞ്ഞതോടെ ആവേശം ഉച്ചകോടിയിൽ എത്തും എന്ന് ഉറപ്പായി. ടോസ് നേടിയ ഇന്ത്യൻ നായകൻ ധോണി ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു .
പതിവുപോലെ സച്ചിനും സെവാഗും വെടിക്കെട്ട് തുടക്കം നൽകി, എന്നാൽ ടീം സ്കോർ 48 ൽ നിൽക്കെ സെവാഗ് പുറത്ത് ,വഹാബ് റിയാസിന്റെ പന്തിൽ വീരു എൽ.ബി.ഡബ്ല്യു ആവുമ്പോൾ എല്ലാ പ്രതീക്ഷയും സച്ചിനിലേക്ക് ആയി. വേഗത്തിൽ തുടങ്ങിയ സച്ചിന്റെ ഇന്നിംഗ്സ് ഇടക്ക് വെച്ച് പതുക്കെയായി. സ്കോർ 27ൽ നിൽക്കെ മിസ്ബ ഉൾ ഹഖ്, 45ൽ നിൽക്കെ യൂനിസ് ഖാൻ, 70ൽ നിൽക്കെ കമ്രാൻ അക്മൽ, 81ൽ നിൽക്കെ ഉമർ അക്മൽ എന്നിവരും സച്ചിനെ കൈവിട്ടു. പല തവണ ഭാഗ്യം ഇല്ലാതെ 99 ൽ പുറത്തായ സച്ചിനുള്ള ദൈവത്തിന്റെ സമ്മാനം ആയിരിക്കാം എക്സ്ട്രാ ലൈഫ് എന്ന് എല്ലാവരും വിശ്വസിച്ചു .
ഇന്ത്യൻ ആരാധകർ ഒരു ഡി ആർ യെസ് റിവ്യൂ പോലും ഇത്രേ പേടിച്ച് കണ്ടിട്ടുണ്ടാകില്ല. പതിനൊന്നാം ഓവറിൽ ടീം സ്കോർ 75 ൽ നിൽക്കെ സച്ചിന് എതിരെയുള്ള അജ്മലിന്റെ എൽ.ബി.ഡബ്ല്യു അപ്പീൽ, അമ്പയർ ഔട്ട് വിധിക്കുന്നു. ഗ്യാലറി മുഴുവൻ പെട്ടെന്ന് തന്നെ മൗനത്തിലായി. സച്ചിൻ റിവ്യൂ കൊടുക്കുന്നു, സെവാഗ് നേരത്തെ ഒരു റിവ്യൂ നശിപ്പിച്ചിരുന്നതിനാൽ തന്നെ ആരാധകർ ഭീതിയിലായിരുന്നു. ഒറ്റ നോട്ടത്തിൽ ഔട്ട് ആണെന് തോന്നിച്ച പന്ത് സ്റ്റമ്പ് തെറിപ്പിച്ചില്ല എന്ന് വീഡിയോ റീപ്ലേകൾ കാണിച്ചതോടെ ഇന്ത്യൻ ആരാധകർ തുള്ളിച്ചാടി. ഒടുവിൽ സ്കോർ 85ൽ നിൽക്കെ സയീദ് അജ്മലിന്റെ പന്തിൽ ഷാഹിദ് അഫ്രീദിക്ക് ക്യാച്ച് നൽകി പുറത്തായി. സച്ചിൻ പുറത്തായെങ്കിലും ഇന്ത്യ ഉയർത്തിയ 258 എന്ന മാന്യമായ സ്കോർ പിന്തുടർന്ന പാകിസ്ഥാൻ പോരാട്ടം 231 ൽ ഒതുങ്ങി, ഇന്ത്യക്ക് തകർപ്പൻ ജയവും ഫൈനൽ ടിക്കറ്റും കിട്ടി. അന്ന് സച്ചിന് പോലും അറിയാമായിരുന്നു അദ്ദേഹം പുറത്താണെന്നും എന്നാൽ അദ്ദേഹത്തെ രക്ഷിക്കാൻ ചതി നടന്നെന്നും സയീദ് അജ്മൽ പലവട്ടം ആവർത്തിച്ചു.
മത്സരത്തിൽ സച്ചിൻ നേടിയ അർധസെഞ്ചുറി, അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ ” തെറ്റുകൾ വരുത്തിയ ” ഇന്നിംഗ്സ് എന്നാണ് സഹതാരം ആശിഷ് നെഹ്റ പിന്നീട് വിശേഷിപ്പിച്ചത് പുല്ലുകൾക്ക് തീപിടിച്ച മത്സരത്തിൽ പാക്ക് വെല്ലുവിളിക്ക് ഇന്ത്യ പ്രവർത്തിയിലൂടെ ചുട്ട മറുപടി നൽകുകയായിരുന്നു. വൻ വിവിഐപികൾ കളികാണാനെത്തിയിരുന്നതിനാൽ അതീവസുരക്ഷയായിരുന്നു മൊഹാലിയിൽ ഒരുക്കിയിരുന്നത്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരും, സോണിയാഗാന്ധി, ചലച്ചിത്രതാരങ്ങൾ എന്നിവരെല്ലാം ഒത്തുചേർന്നപ്പോൾ മത്സരം ക്രിക്കറ്റിനേക്കാളുപരി ഒരു നയതന്ത്ര നീക്കം കൂടിയാണ് മൊഹാലിയിൽ നടന്നത്.
Discussion about this post