രാജ്യത്തെ ജനനനിരക്കിൽ വലിയ രീതിയിൽ ഇടിവ് വന്നതോടെ പൗരന്മാരെ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും ഗർഭിണിയാവാനും വലിയ പ്രോത്സാഹനം നൽകുകയാണ് ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്ന്. ജനനനിരക്ക് കുറഞ്ഞതോടെ ചൈന പയറ്റുന്ന തന്ത്രങ്ങൾക്കപ്പുറമാണ് ഈ രാജ്യം ഇപ്പോൾ പയറ്റുന്നത്. ജനനനിരക്കിൽ കുറയുന്നതിനെ തുടർന്ന് സ്‌കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് ഗർഭിണിയാകാനും കുട്ടികളെ വളർത്താനും സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി റഷ്യയാണ് ഇപ്പോൾ രംഗത്തുള്ളത്.
നിലവിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിർന്ന സ്‌കൂൾ പെൺകുട്ടികൾക്ക് 100,000 റുബിളിലധികം (ഏകദേശം 90,000 രൂപ) സാമ്പത്തിക സഹായം നൽകും.രാജ്യത്തെ പത്ത് മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളിലോ കോളേജിലോ പഠിക്കുന്നുണ്ടെങ്കിലും നിയമപരമായി പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് മാത്രമേ ഇത് ബാധകമാകൂ. ക്യാഷ് ബോണസ്, മാതൃ ആനുകൂല്യങ്ങൾ തുടങ്ങിയ പ്രോത്സാഹനങ്ങളിലൂടെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന ‘പ്രോനാറ്റലിസം’ എന്ന പദ്ധതിക്ക് കീഴിലാണ് ഈ നയം വരുന്നത്.
ജനസംഖ്യാവർദ്ധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാർച്ചിൽ പ്രസിഡന്റ് പുടിൻ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഗർഭഛിദ്രത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. 2023ലെ കണക്കനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 1.41 ആണ്. നിലവിലെ ജനസംഖ്യ പിടിച്ചുനിർത്തണമെങ്കിൽ അത് 2.05 എങ്കിലും ആകണം..
Discussion about this post