ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം മത്സരം പുരോഗമിക്കുമ്പോൾ ഇന്ത്യ ജയത്തിലേക്ക്. ഇന്ത്യ ഉയർത്തിയ 608 റൺസിന്റെ കൂറ്റൻ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് തോൽവി മുന്നിൽ കാണുകയാണ്. തങ്ങൾക്ക് ആദ്യ മത്സരത്തിൽ കിട്ടിയ പണി എല്ലാം ഈ മത്സരത്തിൽ തിരിച്ചുകൊടുത്ത ഇന്ത്യ തങ്ങളുടെ മികവ് എന്താണെന്ന് ലോകത്തെ കാണിച്ചു കൊടുത്തിരിക്കുകയാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ 110 – 5 എന്ന നിലയിൽ ഇംഗ്ലണ്ട് നിൽക്കുകയാണ്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 587 റൺസ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് മറുപടി 407 റൺസിൽ അവസാനിക്കുന്നു. സിറാജിന്റെ 6 വിക്കറ്റ് പ്രകടനത്തിന് നന്ദി പറയാം. 180 റൺ ലീഡ് ഒകെ ഉണ്ടെങ്കിലും ആദ്യ മത്സരത്തിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിട്ടും പണി കിട്ടിയതിനാൽ ഇന്ത്യക്ക് മുന്നിൽ ആ പേടി ഉണ്ടായിരുന്നു. അതിനാൽ തന്നെ രണ്ടാം ഇന്നിങ്സിൽ ശ്രദ്ധിച്ചാണ് ഇന്ത്യ തുടങ്ങിയത്. അവിടെയും ഹീറോ ആയത് നായകൻ ഗിൽ തന്നെ. ആദ്യ ഇന്നിങ്സിലെ 269 റൺസിന് ശേഷം രണ്ടാം ഇന്നിങ്സിൽ 161 റൺ കൂടി താരം രണ്ട് ഇന്നിങ്‌സിലുമായി അടിച്ചുകൂട്ടിയത് 430 റൺസ്.
എന്തായാലും ഇംഗ്ലണ്ടിന് മുന്നിൽ 608 റൺ ലക്ഷ്യം പിന്തുടർന്നപ്പോൾ ഈ മത്സരം തോൽക്കില്ല എന്ന് ഇന്ത്യ ഉറപ്പിച്ചിരുന്നു. ഇംഗ്ലണ്ട് ഇന്നിംഗ്സ് തുടങ്ങിയപ്പോൾ തന്നെ സാക് ക്രോളിയെ മടക്കി സിറാജ് ആദ്യ വേദി പൊട്ടിച്ചപ്പോൾ പിന്നെ ഉള്ള അവസരം ആകാശ് ദീപിന്റെ ആയിരുന്നു. നന്നായി ആക്രമിച്ചുകളിച്ച ബെൻ ഡക്കറ്റിന്റെ കുറ്റിതെറിപ്പിച്ച താരം അധികം വൈകാതെ അപകടകാരിയായ ജോ റൂട്ടിനെയും മടക്കി. താരത്തിന്റെയും കുറ്റിതെറിപ്പിച്ച ആകാശ് ദീപ് അതിന് ശേഷം നടത്തിയ ആഘോഷം ചർച്ചയാകുകയാണ്. ഡ്രസിങ് റൂമിലേക്ക് നോക്കി “ഞാൻ ഇവിടെ തന്നെ ഉണ്ടാകും” എന്ന ആംഗ്യമാണ് അദ്ദേഹം കാണിച്ചത്. അതോടെ ഇന്നലത്തെ ദിനം മൂന്നിന് 77 എന്ന നിലയിൽ ഇംഗ്ലണ്ട് ദിവസം അവസാനിപ്പിച്ചു. ഇന്ന് സ്റ്റേഡിയം പരിസരത്ത് പെയ്ത മഴ ഇന്ത്യയുടെ ജയസാധ്യത നശിപ്പിക്കും എന്ന് തോന്നിയെങ്കിലും മത്സരം ആരംഭിച്ചപ്പോൾ ആകാശ് വീണ്ടും തീയായി.
തുടക്കത്തിൽ തന്നെ ഒലി പോപ്പ് ( 24 ) വിക്കറ്റ് എടുത്ത് തുടങ്ങിയ ആകാശ് ദീപ് താരത്തിന്റെ കുറ്റി തെറിപ്പിച്ചു. പിന്നാലെ ഇന്ത്യ ഉയർത്തിയ ഏത് സ്കോറും പിന്തുടരും എന്ന് പറഞ്ഞ ഹാരി ബ്രൂക്കിനെ വിക്കറ്റ് മുന്നിൽ കുടുക്കിയ പന്ത് അത്ര മികച്ചത് ആയിരുന്നു. വിക്കറ്റ് ടു വിക്കറ്റ് അത്ര മികച്ച രീതിയിൽ പന്തെറിയുന്ന ആകാശ് ഇനിയും വിക്കറ്റ് നേടാൻ ഉള്ള മൂഡ് ആണ് കാണിക്കുന്നത്. എന്തായാലും ഈ മത്സരം ഇന്ത്യ ജയിച്ചാൽ ആകാശ് ദീപിന്റെ ഗ്രാഫ് കൂടും എന്ന് ഉറപ്പാണ്.
Discussion about this post