അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാന നൊബേലിനായി നാമനിർദ്ദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താവവിരുന്നിന് പിന്നാലെ നൊബേലിനായി നാമനിർദ്ദേശം ചെയ്ത കത്തും നെതന്യാഹു ട്രംപിന് കൈമാറി. നേരത്തെ പാകിസ്താനും ട്രംപിനെ നൊബേലിനായി നാമനിർദ്ദേശം ചെയ്തിരുന്നു.
ഇതിനോടകം തന്നെ സമാധാനം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ യുഎസ് പ്രസിഡന്റ് വലിയ സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അബ്രഹാം ഉടമ്പടി തയ്യാറാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ഞങ്ങൾ ഇവിടെ ഇരുന്ന് സംസാരിക്കുമ്പോൾ തന്നെ അദ്ദേഹം മറ്റ് രാജ്യങ്ങളിൽ സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നുണ്ടാകും. അതുകൊണ്ട് സാമാധാനത്തിനുള്ള നൊബേലിന് നാമനിർദേശം ചെയ്ത് കൊണ്ട് നൊബേൽ കമ്മിറ്റിക്ക് ഞാൻ അയച്ച കത്ത് നിങ്ങൾക്ക് സമർപ്പിക്കട്ടെ. നൊബേൽ സമ്മാനം താങ്കൾക്ക് ലഭിക്കണം ഈ അംഗീകാരത്തിന് താങ്കൾ അർഹനാണെന്ന് നെതന്യാഹു ട്രംപിനോട് പറഞ്ഞു.
ഇസ്രയേലികൾക്കിടയിൽ ട്രംപിൻറെ പ്രതിച്ഛായ വളരെ വലുതാണെന്നും പ്രത്യേകിച്ചും ജൂതൻമാർ ഏറെ ആദരവോടെയാണ് കാണുന്നതെന്നും ഇസ്രയേലിന് പുറത്തും ട്രംപിൻറെ വ്യക്തിപ്രഭാവം സമാനതകളില്ലാത്തതാണെന്നും നെതന്യാഹു പ്രശംസിച്ചു.
അതിനിടെ അതിനിടെ, ഇന്ത്യ പാകിസ്താൻ യുദ്ധം അവസാനിപ്പിച്ചത് താനെന്ന അവകാശവാദം ട്രംപ് വീണ്ടും ആവർത്തിച്ചു. താൻ അവസാനിപ്പിച്ച യുദ്ധങ്ങളിൽ ഏറ്റവും വലിയത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതാണ്. വ്യാപാരബന്ധം ഉയർത്തിക്കാട്ടിയാണ് ഇരു രാജ്യങ്ങളെയും പിന്തിരിപ്പിച്ചത്. യുദ്ധം നിർത്തിയില്ലെങ്കിൽ വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇതോടെയാണ് ഇരുരാജ്യങ്ങളും അയഞ്ഞതെന്നും വെടിനിർത്തലിലേക്ക് എത്തിയതെന്നുമാണ് ട്രംപിൻറെ വാദം.
Discussion about this post