1999-ൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ഗാലെയിലാണ് അയാൾ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. 93 ടെസ്റ്റിൽ 170 ഇന്നിങ്‌സിൽ 433 വിക്കറ്റുകൾ നേടിയ ഹെറാത്ത് ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ പന്ത്രണ്ടാം സ്ഥാനത്തും ശ്രീലങ്കൻ ബൗളർമാരിൽ രണ്ടാമതും ഉള്ള ബൗളറായിട്ടും മുത്തയ്യ മുരളീധരൻ എന്ന ഇതിഹാസത്തിന്റെ നിഴലിൽ ഒതുങ്ങി പോയതിനാൽ അധികം പ്രശംസ കിട്ടാതെ ബൗളറാണ്. വോൺ–മുരളി മുതൽ മെൻഡിസ്–കുൽദീപ് വരെയുള്ളവർ സ്പിൻ ബോളിങിൽ അവരുടെ പകുതി വേരിയേഷനുകളോ ആയുധങ്ങളോ ഇല്ലാത്ത താരം കളം നിറയുന്നത്.
ശ്രീലങ്കയിലെ കുരുനാഗലയിൽ മുടിയൻസെലഗെ – കീർത്തി ദമ്പതികളുടെ മകനായി 1978 മാർച്ച് 19 – നാണ് താരം ജനിക്കുന്നത്. പേസ് ബൗളറായി കരിയർ തുടങ്ങിയ ഹെറാത്ത് സ്ക്കൂൾ ടീമിലെ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്നു. പൊക്ക കുറവിന്റെ പ്രശ്നം ഉള്ളതുകൊണ്ട് പരിശീലകന്റെ നിർദ്ദേശ പ്രകാരം താരം സ്പിൻ ബൗളിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കഠിനമായിരുന്നെങ്കിലും ആ മാറ്റത്തെ താരം ഉൾക്കൊണ്ടു . ബാങ്കിൽ ക്ലാർക്കായി ജോലി ചെയ്യുന്നതിനിടയിലും ക്രിക്കറ്റ് മോഹം വിട്ടില്ല. ക്ലബ് ക്രിക്കറ്റിലെ തുടർച്ചയായ മികച്ച പ്രകടനങ്ങൾ 1999 ൽ ലങ്കൻ ടീമിലെത്തിച്ചു.
അരങ്ങേറ്റത്തിന് ശേഷം മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും മുരളീധരൻ വിരമിച്ച ശേഷമാണ് സ്ഥിര സ്ഥാനം കിട്ടി തുടങ്ങിയതെന്ന് പറയാം. ഒരുപാട് വർഷങ്ങൾ കളിച്ചിട്ടും ഹെറാത്തിന് 100 ടെസ്റ്റുകൾ തികയ്ക്കാനായിട്ടില്ല എന്നത് അത്ഭുതകമായ കാര്യമായിരിക്കും. 93 മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. വിക്കറ്റ് വേട്ടയിൽ ഹെറാത്തിനു മുന്നിലുള്ള മറ്റെല്ലാവരും 120ൽ അധികം ടെസ്റ്റ് കളിച്ചിട്ടുള്ളവർ.
ടെസ്റ്റ് ക്രിക്കറ്റിന് പറ്റിയ ബൗളറാണെന്നുള്ള വിലയിരുത്തലുകൾക്ക് ഇടയിൽ 2014 ട്വന്റി20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരെയാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം പിറന്നത്. ചിറ്റഗോങിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക വെറും 119 റൺസിനു പുറത്തായി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഒരു പിച്ചിൽ ഇത്രയും ചെറിയൊരു സ്കോർ പ്രതിരോധിക്കുക എന്നത് നടപ്പില്ലെന്നു കരുതിയ കാര്യം. എന്നാൽ ഹെറാത്ത് അദ്ഭുതം കാണിച്ചു. കൃത്യമായ ലൈനിൽ പന്തെറിഞ്ഞ ഹെറാത്തിനു മുന്നിൽ കിവി ബാറ്റ്സ്മാന്മാർ കുഴഞ്ഞതോടെ താരത്തിന്റെ ഏറ്റവും മികച്ച സ്പെൽ പിറന്നു. 3 റൺസ് വഴങ്ങി ഹെറാത്ത് വീഴ്ത്തിയത് 5 വിക്കറ്റുകൾ. ഇത് ടി 20 യിലെ തന്നെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിൽ മുന്നിൽ തന്നെ വരും.
തുടക്കകാലത്ത് അവസരങ്ങൾ കുറഞ്ഞു പോയതിനാൽ മാത്രമാണ് ടെസ്റ്റ് വിക്കറ്റുകളുടെ എണ്ണത്തിൽ താരം പിന്നോട്ട് പോയത്.
Discussion about this post