ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം തകർത്തതിനുശേഷം ആദ്യമായി ആ കാര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് വിരാട് കോഹ്‌ലി രംഗത്ത് എത്തിയിരിക്കുകയാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ഫൗണ്ടേഷനായ യൂവീകാനു വേണ്ടി നടത്തിയ ചാരിറ്റി പരിപാടിയിൽ പങ്കെടുക്കവെയാണ് താരം മനസ് തുറന്നത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഉൾപ്പെടെ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീം മുഴുവൻ പരിപാടിയുടെ ഭാഗമായിരുന്നു. ഇവരെ കൂടാതെ രവി ശാസ്ത്രി, സച്ചിൻ ടെണ്ടുൽക്കർ, കെവിൻ പീറ്റേഴ്‌സൺ, ബ്രയാൻ ലാറ, ആശിഷ് നെഹ്‌റ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ആതിഥേയനായ ഗൗരവ് കപൂർ ആണ് വിരാട് കോഹ്‌ലിയോട് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനെക്കുറിച്ച് ചോദിച്ചത്. എല്ലാവരും വിരാടിനെ കളിക്കളത്തിൽ വളരെയധികം മിസ്സ് ചെയ്യുന്നുവെന്ന് ഗൗരവ് പറഞ്ഞു. വിരാട് അതിന് കൊടുത്ത മറുപടി ഇങ്ങനെ: “രണ്ട് ദിവസം മുമ്പ് ഞാൻ എന്റെ താടി കറുപ്പിച്ചിരുന്നു. നാല് ദിവസം കൂടുമ്പോൾ നിങ്ങൾ താടിക്ക് നിറം നൽകേണ്ട സമയമാണിതെന്ന് നിങ്ങൾക്കറിയാം,” കോഹ്‌ലി മറുപടി പറഞ്ഞു.
കോഹ്‌ലി തന്റെ പ്രിയ പരിശീലകൻ രവി ശാസ്ത്രിയെക്കുറിച്ചും സാംസാരിച്ചു. “സത്യം പറഞ്ഞാൽ, ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ… ടെസ്റ്റ് ക്രിക്കറ്റിൽ സംഭവിച്ചതൊന്നും സാധ്യമാകുമായിരുന്നില്ല. ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്ന സമയം മനോഹരമായിരുന്നു. എല്ലാ കാര്യത്തിലും ഞങ്ങൾ തമ്മിൽ ഒരു വ്യക്തത ഉണ്ടായിരുന്നു. എന്റെ കരിയറിൽ അദ്ദേഹം പിന്തുണച്ചത് പോലെ ആരും എന്നെ പിന്തുണച്ചിട്ടില്ല. എന്റെ ക്രിക്കറ്റ് യാത്രയുടെ വലിയൊരു ഭാഗമായതിനാൽ എനിക്ക് അദ്ദേഹത്തോട് എപ്പോഴും ബഹുമാനവും ആദരവും ഉണ്ട്,” കോഹ്‌ലി പറഞ്ഞു.
തന്റെ മുൻ സഹതാരങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു
“കളത്തിന് അകത്തും പുറത്തും ഞങ്ങൾ വളരെ നല്ല ബന്ധം പങ്കിട്ടു. ബാംഗ്ലൂരിൽ നടന്ന ഒരു നോർത്ത് സോൺ ടൂർണമെന്റിനിടെയാണ് ഞാൻ അദ്ദേഹത്തെ( യുവരാജ്) ആദ്യമായി കണ്ടത്. ഞാൻ ഇന്ത്യയ്ക്കായി കളിക്കാൻ തുടങ്ങിയപ്പോൾ, അദ്ദേഹവും, ഹർഭജനും, സഹീർ ഖാനും എന്നെ ചിറകിൽ എന്ന പോലെ സംരക്ഷിച്ചു. ഒരു കളിക്കാരനായി വളരാൻ എന്നെ ശരിക്കും സഹായിച്ചു, ഡ്രസ്സിംഗ് റൂമിൽ എനിക്ക് പിന്തുണ നൽകി. കളിക്കളത്തിന് പുറത്ത് ധാരാളം രസകരമായ സമയങ്ങൾ ഉണ്ടായിരുന്നു. എന്റെ ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ബന്ധങ്ങളാണിവ. ലോകകപ്പിൽ യുവിയെ കാണുന്നത് വളരെ സവിശേഷമായിരുന്നു, അതിനുശേഷം ഞങ്ങൾ അറിഞ്ഞത്( ക്യാൻസർ) ഒരു ഞെട്ടലായിരുന്നു. എന്തായാലും അതിനെയും തോൽപ്പിച്ചു യുവി എത്തി.”
2017 ലെ ഇംഗ്ലണ്ട് പരമ്പരയും കോഹ്‌ലി ഓർമ്മിച്ചു, ഇന്ത്യൻ ടോപ്പ് ഓർഡർ ഒന്നിന് പുറകെ ഒന്നായി മടങ്ങിയ ശേഷം യുവരാജ് സിംഗും എംഎസ് ധോണിയും ഒത്തുള്ള കൂട്ടുകെട്ടിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:
“കട്ടക്കിൽ ഇംഗ്ലണ്ടിനെതിരെ ഞങ്ങൾ ഒരു മത്സരം കളിച്ചത് എനിക്ക് വ്യക്തമായി ഓർമ്മയുണ്ട്. 2017-ൽ ഞങ്ങൾ ഹോം ഗ്രൗണ്ടിൽ കളിച്ച ഒരു പരമ്പരയിൽ ടോപ് ഓർഡർ പെട്ടെന്ന് പുറത്തായി. യുവിയുടെ പാ 150 റൺസ് നേടി, എം.എസ് 110 റൺസ് നേടി. കുട്ടിക്കാലം മുതൽ വലിയ ടിവിയിൽ ഇവരെ കാണുന്നത് പോലെയാണ് ഇതെന്ന് കെ.എല്ലിനോടോ മറ്റൊരാളോടോ പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്… എനിക്ക് അദ്ദേഹത്തോട് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്. ഇവിടെ ആയിരിക്കുന്നതിൽ സന്തോഷമുണ്ട്, അദ്ദേഹത്തിനല്ലാതെ മറ്റാർക്കും വേണ്ടി ഞാൻ അത് ചെയ്യില്ല,” വിരാട് ഓർമ്മിച്ചു.
Discussion about this post