ന്യൂഡൽഹി : മാലിദ്വീപിലേക്ക് രണ്ടുദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 25-26 തീയതികളിൽ പ്രധാനമന്ത്രി മാലിദ്വീപ് സന്ദർശിക്കും. മാലിദ്വീപിന്റെ 60-ാമത് ദേശീയ ദിനാഘോഷങ്ങളിൽ മോദി മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യ-മാലിദ്വീപ് സംഘർഷങ്ങൾ അവസാനിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദർശനം.
പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഭരണത്തിൻ കീഴിൽ മോദി നടത്തുന്ന ആദ്യ മാലിദ്വീപ് സന്ദർശനമാണിത്. ചില മാലിദ്വീപ് നേതാക്കളുടെ നേതൃത്വത്തിൽ നടന്ന “ഇന്ത്യ ഔട്ട്” പ്രചാരണമാണ് ഇന്ത്യ-മാലിദ്വീപ് സംഘർഷത്തിന് കാരണമായിരുന്നത്. തുടർന്ന് ഇന്ത്യൻ വിനോദസഞ്ചാരികൾ മാലിദ്വീപിലേക്കുള്ള യാത്രകൾ അവസാനിപ്പിച്ചിരുന്നു. നിലവിലെ ഭരണകൂടത്തിന്റെ ചൈന അനുകൂല നിലപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കിയിരുന്നു.
എന്നാൽ അടുത്തകാലത്തായി മാലിദ്വീപ് മുഹമ്മദ് മുയിസു ഇന്ത്യയുമായുള്ള ബന്ധം വീണ്ടും ശക്തിപ്പെടുത്തുന്നതിനായി നിരവധി ഇടപെടലുകളാണ് നടത്തിയിരുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ തന്ത്രപ്രധാനമായ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംഘർഷങ്ങൾ അവസാനിപ്പിച്ച് പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുമായുള്ള സൗഹൃദം വീണ്ടും ശക്തിപ്പെടുത്തുന്നതിനുള്ള മാലിദ്വീപിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ദേശീയ ദിനാഘോഷത്തിന് മുഖ്യാതിഥിയായി ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്.
Discussion about this post