മോസ്‌കോ : ജൂലൈ 20 ഞായറാഴ്ച റഷ്യയിൽ തുടർച്ചയായി 5 ഭൂകമ്പങ്ങൾ ഉണ്ടായത് പരിഭ്രാന്തി സൃഷ്ടിക്കുന്നു. റഷ്യയുടെ വിദൂര കിഴക്കൻ തീരമായ കാംചത്കയുടെ കിഴക്കൻ തീരത്താണ് ഞായറാഴ്ച അഞ്ച് വലിയ ഭൂകമ്പങ്ങൾ ഉണ്ടായത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളാണ് ഉണ്ടായത്. 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പങ്ങൾ ഉണ്ടായത്.
ഭൂകമ്പത്തെത്തുടർന്ന് റഷ്യയുടെയും ഹവായിയുടെയും ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് യുഎസ് നാഷണൽ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കി നഗരത്തിന് സമീപം പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന പ്രഭവകേന്ദ്രത്തിന്റെ 300 കിലോമീറ്റർ ചുറ്റളവിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ട് എന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ബാധിത പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ, ഭൂകമ്പത്തിൽ നിന്ന് വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. അതേസമയം കിഴക്കൻ കാംചത്കയിലെ ഉസ്ത്-കാംചത്സ്കി പ്രദേശത്ത് 40 സെന്റീമീറ്റർ വരെ ഉയരുന്ന തിരമാലകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യ അറിയിച്ചിട്ടുണ്ട്.
Discussion about this post