ന്യൂഡൽഹി : പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ ദൗത്യത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഈ മൺസൂൺ സമ്മേളനം ഇന്ത്യൻ സൈന്യത്തിന്റെ വിജയാഘോഷം ആണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകം മുഴുവൻ ഇന്ത്യയുടെ സൈനിക ശക്തിയുടെയും സൈനിക ശേഷിയുടെയും യഥാർത്ഥ രൂപം കണ്ടതായി പ്രധാനമന്ത്രി സൂചിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ നിശ്ചയിച്ച ലക്ഷ്യത്തിന്റെ 100% ഇന്ത്യൻ സൈന്യം കൈവരിച്ചു. തീവ്രവാദികളുടെ തലവന്റെ വീട്ടിൽ പോയി 22 മിനിറ്റിനുള്ളിൽ അത് നിലംപരിശാക്കി. ഇന്ത്യയുടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ സൈനിക ശക്തി.
ഓപ്പറേഷൻ സിന്ദൂറിൽ ഒന്നിച്ചു നിന്നതിന് പ്രതിപക്ഷ പാർട്ടികളെയും, പ്രതിപക്ഷ എംപിമാരെയും മോദി അഭിനന്ദിച്ചു. പാർട്ടി താൽപ്പര്യങ്ങൾ മാറ്റിവെച്ച്, നമ്മുടെ മിക്ക പാർട്ടികളുടെയും പ്രതിനിധികളും, മിക്ക സംസ്ഥാനങ്ങളുടെയും പ്രതിനിധികളും രാജ്യത്തിന്റെ താൽപ്പര്യാർത്ഥം ലോകം ചുറ്റി സഞ്ചരിച്ചു, ലോകത്തിലെ പല രാജ്യങ്ങളിലും പോയി, ഭീകരരുടെ യജമാനനായ പാകിസ്താനെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിനായി ഒരു വിജയകരമായ പ്രചാരണം നടത്തി. എല്ലാ പാർട്ടികളുടെയും നേതാക്കളോടും മാന്യരായ അംഗങ്ങളോടും സഭയുടെ സുഗമമായ പ്രവർത്തനത്തിലും, സൃഷ്ടിപരമായ ചർച്ചയിലും ആരോഗ്യകരമായ ജനാധിപത്യ സംഭാഷണത്തിലും സഹകരിക്കണമെന്നും അഭ്യർത്ഥിക്കുകയാണ് എന്നും മോദി വ്യക്തമാക്കി.
ഈ മൺസൂൺ രാജ്യത്തിന്റെ വിജയാഘോഷത്തിന്റെ ഒരു രൂപമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർന്നത് രാജ്യത്തെ ഓരോ പൗരനും അഭിമാനകരമായ നിമിഷമാണ്. ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം എന്നിവയിലേക്കുള്ള പുതിയ ഉത്സാഹവും ആവേശവും രാജ്യത്ത് നിറച്ച ഒരു യാത്രയാണിത് എന്നും മോദി വ്യക്തമാക്കി.
Discussion about this post