ക്രിക്കറ്റ് മൈതാനത്തിലെ മോശം പ്രകടനത്തിന് പിന്നാലെ അതിന്റെ ദേഷ്യത്തിൽ കുടുംബത്തോടുള്ള മര്യാദയില്ലാത്ത പെരുമാറ്റത്തിൽ മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് ഖേദം പ്രകടിപ്പിച്ചു. തന്റെ ക്രിക്കറ്റ് കരിയറിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, കായികരംഗത്തെ ഒരിക്കലും ജീവിതത്തിന്റെ അവസാനമായി കണക്കാക്കരുതെന്ന് ഇതിഹാസം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായാണ് ഹർഭജനെ കണക്കാക്കുന്നത്. കരിയറിൽ, കളിയുടെ മൂന്ന് ഫോർമാറ്റുകളിലുമായി 365 മത്സരങ്ങൾ കളിച്ച അദ്ദേഹം, 30.06 ശരാശരിയിൽ 707 വിക്കറ്റുകൾ വീഴ്ത്തി, 37 അഞ്ച് വിക്കറ്റ് പ്രകടനങ്ങളും എട്ട് പത്ത് വിക്കറ്റ് നേട്ടങ്ങളിലും ഭാഗമായി. അനിൽ കുംബ്ലെ (953), രവിചന്ദ്രൻ അശ്വിൻ (765) എന്നിവർ മാത്രമാണ് ഇന്ത്യയ്ക്കായി അദ്ദേഹത്തേക്കാൾ കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ളത്.
അശ്വിൻ ഹോസ്റ്റ് ചെയ്ത ‘കുട്ടി സ്റ്റോറീസ് വിത്ത് ആഷ്’ പോഡ്‌കാസ്റ്റിൽ പ്രത്യക്ഷപ്പെട്ട ഹർഭജൻ, തന്റെ വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും സന്തുലിതമാക്കാൻ കഴിഞ്ഞില്ലെന്ന് സമ്മതിച്ചു. ഫലമായി ക്രിക്കറ്റിലെ തോൽവികളും പ്രശ്നങ്ങളും കുടുംബജീവിതത്തിലേക്കും വ്യാപിച്ചു.
“ക്രിക്കറ്റ് ഒരു കായിക ഇനമായി മാത്രം കളിക്കണം. അത് നമ്മുടെ ജീവിതത്തിൽ എല്ലാം ആകരുത്. കളിക്കളത്തിലോ പുറത്തോ കാര്യങ്ങൾ എന്റെ ഇഷ്ടത്തിന് നടക്കാത്തപ്പോൾ ഞാൻ എന്റെ ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നു. ഞാൻ ആ മാനസികാവസ്ഥയെ വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടിലെ ഞങ്ങളുടെ ദൈനംദിന സംഭാഷണങ്ങളിൽ ആ കോപം കടന്നുവരുന്നു. അവർ എന്ത് തെറ്റാണ് ചെയ്തത്?,” മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ പറഞ്ഞു.
“ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, എനിക്ക് മോശം ടൂറുകൾ ഉണ്ടായ നിരവധി തവണ ഉണ്ടായിരുന്നു, തിരിച്ചെത്തിയ ശേഷം ഞാൻ എന്റെ കുടുംബത്തോട് ശരിയായി സംസാരിച്ചില്ല. ആ നിമിഷങ്ങളിൽ എനിക്ക് ഖേദമുണ്ട്. ഒരിക്കൽ എന്റെ സഹോദരി എന്നെ കാണാൻ വന്നപ്പോൾ, ഞാൻ അവളോട് സംസാരിച്ചില്ല,” ഹർഭജൻ പറഞ്ഞു.
അതെ പോഡ്‌കാസ്റ്റിൽ തന്നെ അശ്വിനുമായി തനിക്ക് പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും തങ്ങൾക്കിടയിൽ പ്രശ്നം ഉണ്ടെന്നുള്ളത് ഒകെ റൂമറുകൾ മാത്രം ആണെന്നും പറഞ്ഞിരുന്നു.
Discussion about this post