ന്യൂഡൽഹി : സുപ്രീംകോടതിയുടെ മുൻപിൽ എത്തിയ ഒരു ഹൈ പ്രൊഫൈൽ വിവാഹമോചന കേസിൽ നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. 18 മാസം മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിന് 18 കോടി രൂപയാണ് യുവതി വിവാഹമോചനത്തിനായി ആവശ്യപ്പെട്ടിരുന്നത്. പണം കൂടാതെ മുംബൈയിൽ ഒരു വീടും ഒരു ബിഎംഡബ്ല്യു കാറും വേണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു.
വിവാഹമോചനത്തെ പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമായി കാണരുതെന്ന് കേസിൽ പരാതിക്കാരിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ” നിങ്ങൾക്ക് നല്ല വിദ്യാഭ്യാസം ഉള്ളതായി മനസ്സിലാക്കുന്നു. ആവശ്യമുള്ള പണം നിങ്ങൾക്ക് സ്വന്തമായി സമ്പാദിച്ചു കൂടെ? വിവാഹമോചനത്തിന് ശേഷം സ്വന്തമായി സമ്പാദിക്കുകയും സ്വതന്ത്രമായി ജീവിക്കുകയും അല്ലേ വേണ്ടത്? ആവശ്യങ്ങൾ ഉന്നയിക്കാനുള്ള ഒരു അവസരമായി വിവാഹമോചനത്തെ കാണരുത്” എന്നും ചീഫ് ജസ്റ്റിസ് യുവതിയോട് പറഞ്ഞു.
സെറ്റിൽമെന്റ് പ്രൊപ്പോസലിന്റെ ഭാഗമാണ് യുവതിയുടെ ആവശ്യമെന്നും അതിനെ ഒരു ജീവകാരുണ്യ പ്രവർത്തനമായി കാണരുതെന്നും യുവതിയുടെ അഭിഭാഷകൻ വാദിച്ചു.
കേസിൽ ഇരുകക്ഷികളുടെയും വാദം കേട്ട കോടതി അന്തിമ വിധിക്കായി കേസ് മാറ്റിവെച്ചു.
വിവാഹമോചന പ്രക്രിയകളിലെ സ്വാശ്രയത്വത്തെയും അന്തസ്സിനെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശം.
Discussion about this post