ന്യൂഡൽഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ പെട്ടെന്നുള്ള രാജിയോടെ, രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പിന് വീണ്ടും കളമൊരുങ്ങിയിരിക്കുകയാണ്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും രാജിവച്ചത്. വൈകാതെ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത്.
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ആൾ ആയിരിക്കും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുക. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായി വോട്ട് ചെയ്യുക. ഇക്കാരണത്താൽ തന്നെ ഇരു സഭകളിലെയും അംഗങ്ങളുടെ എണ്ണം പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും നിർണായകമാണ്.
നിലവിലെ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗസംഖ്യ ഭരണപക്ഷമായ എൻഡിഎക്ക് അനുകൂലമാണ്. അതിനാൽ തന്നെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വലിയ സ്ഥാനമില്ല. ലോക്‌സഭയിലെ ആകെയുള്ള 543 സീറ്റുകളിൽ, ബാസിർഹട്ട് സീറ്റ് നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. അതായത് ലോക്‌സഭയുടെ നിലവിലുള്ള എണ്ണം 542 ആണ്. ഇതിൽ എൻഡിഎക്ക് ആകെ 293 എംപിമാരുടെ പിന്തുണയുണ്ട്. ഇത് ഭൂരിപക്ഷത്തേക്കാൾ അധികമായതിനാൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഗുണകരമാകും.
രാജ്യസഭയിൽ ആകെ 245 സീറ്റുകളുണ്ടെങ്കിലും നിലവിൽ അഞ്ച് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ നാലെണ്ണം ജമ്മു കശ്മീരിൽ നിന്നും ഒന്ന് പഞ്ചാബിൽ നിന്നുമാണ്. നിലവിൽ രാജ്യസഭയിൽ 240 അംഗങ്ങളാണ് ഉള്ളത്. ഇതിൽ എൻഡിഎയ്ക്ക് 129 എംപിമാരുടെ പിന്തുണയുണ്ട്. കൂടാതെ പരമ്പരാഗതമായി സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്യുന്ന നോമിനേറ്റഡ് അംഗങ്ങളുടെ പിന്തുണയും എൻഡിഎ സ്ഥാനാർത്ഥിക്ക് ലഭിക്കും. നിലവിലെ കണക്കനുസരിച്ച് ഇരുസഭകളിലും ആയി 786 അംഗങ്ങളാണ് ഉള്ളത്. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 394 വോട്ടുകൾ ആണ് ആവശ്യമുള്ളത്. നിലവിൽ എൻഡിഎയ്ക്ക് 422 വോട്ടുകളുണ്ട്. അതായത് ഭൂരിപക്ഷത്തേക്കാൾ കൂടുതൽ പിന്തുണ നിലവിൽ എൻഡിഎയ്ക്ക് ഇരുസഭകളിലുമായി ഉണ്ട്.
Discussion about this post