ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ ഋഷഭ് പന്തിന് വലിയ പ്രശംസയും കൈയടിയും നൽകുകയാണ് സോഷ്യൽ മീഡിയ. സച്ചിൻ ടെണ്ടുൽക്കർ, യൂസഫ്, ഇർഫാൻ പത്താൻ, ഹർഷ ഭോഗ്ലെ, സഞ്ജീവ് ഗോയങ്ക തുടങ്ങിയ പ്രശസ്തരും ഇതിഹാസ താരങ്ങളും സൂപ്പർതാരത്തെ ധീരതക്ക് പ്രശംസിച്ചു. ഓൾഡ് ട്രാഫോർഡ് ടെസ്റ്റിന്റെ ആദ്യ ദിവസം ഗുരുതരമായി പരിക്കേറ്റെങ്കിലും, രണ്ടാം ദിവസം പന്ത് ഞെട്ടിച്ചുകൊണ്ട് ബാറ്റ് ചെയ്യാൻ ഇറങ്ങി. ഈ പരമ്പരയിൽ ഇനി ബാറ്റ് ചെയ്യാൻ ഇറങ്ങില്ല എന്ന് കരുതിയ സ്ഥലത്ത് നിന്ന് മുടന്തി ആണെങ്കിലും ക്രീസിൽ എത്തി അർദ്ധ സെഞ്ച്വറി നേടിയാണ് പന്ത് ( 54 ) മടങ്ങിയത്.
ക്രിസ് വോക്‌സിന്റെ പന്തിൽ സ്വീപ് ഷോട്ട് കളിക്കാൻ ശ്രമിക്കുമ്പോഴാണ് പന്തിന് ഗുരുതരമായി പരിക്കുപറ്റിയത്. കാൽവിരലിലെ വേദന കാരണം പുളഞ്ഞ താരത്തെ ഒടുവിൽ ആംബുലൻസിലാണ് പുറത്തേക്ക് കൊണ്ടുപോയത്. അങ്ങനെയുള്ള താരം ബാറ്റ് ചെയ്യാൻ വരുമെന്ന് പോലും ആരും കരുതിയത് ആയിരുന്നില്ല. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് പന്ത് ബാറ്റ് ചെയ്യാൻ ഇറങ്ങുക ആയിരുന്നു. വലിയ കൈയടികളോടെയാണ് താരത്തെ ഗ്രൗണ്ട് മുഴുവൻ വരവേറ്റത്. എന്തായാലും താരത്തിന്റെ ഈ നിശ്ചയയാദാർഢ്യത്തിന് അഭിനന്ദനം നൽകിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം സാക്ക് ക്രോളി.
“ലോകത്തിലെ അധികം ആർക്കും അദ്ദേഹം ചെയ്തത് പോലെ ഒരു കാലിൽ ബാറ്റ് ചെയ്യാൻ കഴിയില്ല,” ക്രോളി പറഞ്ഞു. “‘അദ്ദേഹത്തിന് രണ്ട് റൺസ് എടുക്കാൻ കഴിയുമോ?’ എന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നു. അയാൾക്കുള്ള ഫീൽഡ് എവിടെ വയ്ക്കണമെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ലായിരുന്നു.” താരം പറഞ്ഞു.
അതേസമയം ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഡ്രൈവിംഗ് സീറ്റിൽ. രണ്ടാം ദിനം രണ്ടാം സെഷനിൽ ഇന്ത്യയെ 358 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട് മറുപടി ബാറ്റിംഗിൽ 225 – 2 എന്ന നിലയിൽ നിൽക്കുകയാണ്. ബാസ്ബോൾ ശൈലിയിൽ ഉള്ള മറുപാടിയാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് നൽകിയത്.
Discussion about this post