സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സെല്ലിന്റെ കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗോവിന്ദചാമി ഇക്കാര്യം വെളിപ്പെടുത്തിയത്. ആയുധം നൽകിയ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
വ്യക്തമായ ആസൂത്രണത്തോടെയാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് പുറത്തുവരുന്ന വിവരം. ജയിലിൽ ഉണങ്ങാനിട്ടിരുന്ന തുണികൾ കൂട്ടിക്കെട്ടി കയറുപോലെ ആക്കിയാണ് ഇയാൾ ജയിൽചാടിയത്. ഭാരം കുറയ്ക്കുന്നതിനായി ഇയാൾ മാസങ്ങൾക്ക് മുൻപേ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നുവത്രേ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാൾ ചോറ് കഴിച്ചിരുന്നില്ല. ചപ്പാത്തി മാത്രമായിരുന്നു ഭക്ഷണം.
ജയിൽ കമ്പികൾ ദ്രവിക്കാൻ ഉപ്പിട്ടുവച്ചതായി സംശയമുണ്ട്. പുറത്ത് ജയിൽ കെട്ടിടം നിർമിക്കുന്ന സ്ഥലത്തെ ആക്സോ ബ്ലേഡ് കഷണം ഇയാൾ കണ്ടെത്തി, മുറിക്കാൻ ഉപയോഗിച്ചു എന്നാണ് കരുതുന്നത്. പ്രതി ജയിൽ ചാടാൻ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് കണ്ടെത്തും. പ്രതിയുടെ കൈയ്യിൽ നിന്ന് ചെറിയ ആയുധങ്ങൾ കണ്ടെത്തി. ഇതെങ്ങനെ ഉപയോഗിച്ചുവെന്ന് കണ്ടെത്തും. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ബാക്കി നടപടികളിലേക്ക് കടക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ കണ്ണൂർ സന്ദർശന സമയത്താണ്, ജയിൽ ചാട്ടമുണ്ടായത്. ഏഴ് മീറ്റർ ഉയരവും മുകളിൽ മുള്ളുവേലിയുമുള്ള ജയിൽ ഒരുകൈ മാത്രമുള്ള പ്രതി എങ്ങനെ ചാടിയെന്ന സംശയവും നിലനിൽക്കുന്നു. പുലർച്ചെ 1.10 ന് ഒരുവാർഡൻ ഇയാൾ താമസിക്കുന്ന സെൽ പരിശോധിച്ചിരുന്നു. കനത്ത മഴയുള്ള ഈ സമയത്ത് ഇയാൾ പുതച്ച് കിടന്നുറങ്ങുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.
Discussion about this post