എല്ലാ ഐപിഎൽ സീസണിലും പങ്കെടുത്തിട്ടുള്ള ചുരുക്കം ചില ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് വിരാട് കോഹ്‌ലി. ഈഡൻ ഗാർഡൻസിൽ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ഇപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള ലീഗിലെ ആദ്യ മത്സരത്തിൽ അദ്ദേഹം പങ്കാളിയായിരുന്നു.
ഇതിഹാസ താരം ബ്രണ്ടൻ മക്കല്ലം അന്ന് നടത്തിയ ബാറ്റിംഗ് വെടിക്കെട്ട്, കൊൽക്കത്തയിലെ ആവേശകരമായ അന്തരീക്ഷം, എന്നിവ എല്ലാം ഓർക്കുകയാണ് ഇപ്പോൾ കോഹ്‌ലി. എന്തായാലും അന്നത്തെ ഐപിഎൽ മത്സരത്തെക്കുറിച്ച് ഇതുവരെ പറയാത്ത ഒരു കഥ അദ്ദേഹം വെളിപ്പെടുത്തി.
അണ്ടർ 19 ലോകകപ്പ് വിജയത്തിന് ശേഷം ഐപിഎല്ലിൽ ആധിപത്യം സ്ഥാപിക്കാൻ ആഗ്രാഹിച്ച അന്ന് 18 വയസ്സുള്ള കോഹ്‌ലി, തന്റെ മുകളിൽ ഉള്ള പ്രതീക്ഷയയുടെ ഭാരംപേറി കൊൽക്കത്ത ഉയർത്തിയ 223 റൺസ് ലക്ഷ്യമാക്കി ഈഡൻ ഗാർഡൻസിൽ ബാറ്റ് ചെയ്യാൻ ഇറങ്ങി. എന്നിരുന്നാലും, തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ സമ്മർദ്ദവും സ്റ്റേഡിയത്തിലെ അന്തരീക്ഷവും കോഹ്‌ലിയെ തകർത്തു.
ഒരു ചർച്ചയിൽ അന്ന് കൊൽക്കത്തയുടെ താരവും തന്റെ പ്രിയകൂട്ടുകാരനുമായ ഇഷാന്ത് ശർമ്മ ആ മത്സരത്തിൽ തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചെന്നും ആ സമ്മർദ്ദം തന്നെ ബാധിച്ചു എന്നും പറഞ്ഞിരിക്കുകയാണ്. “ഞാനും ഇഷാന്തും ഒരുമിച്ച് പല മത്സരങ്ങളിലും കളിച്ചിട്ടുണ്ട് എന്നതാണ് രസകരമായ കാര്യം, അതുകൊണ്ട് ഞാൻ അദ്ദേഹത്തെ ഒരുപാട് തവണ നേരിട്ടിട്ടുണ്ട്. എന്നാൽ ആ മത്സരത്തിൽ, അദ്ദേഹം വ്യത്യസ്തമായ ഒരു തലത്തിലാണ് പന്തെറിയുന്നതെന്ന് എനിക്ക് തോന്നി. അതാണ് സമ്മർദ്ദം. ആ ഗ്രൗണ്ട് അയാളെ ആവേശത്തിലാക്കി. നെറ്റ്സിൽ ഞാൻ അദ്ദേഹത്തെ നേരിട്ടിരുന്നെങ്കിൽ, എനിക്ക് ഭയം തോന്നുമായിരുന്നില്ല, പക്ഷേ ആ ദിവസം, അദ്ദേഹത്തിന്റെ ഒരു പന്തും എനിക്ക് നേരിടാൻ കഴിയില്ലെന്ന് എനിക്ക് തോന്നി. അവൻ അന്ന് അത്ര മിടുക്കനായിരുന്നു” കോഹ്‌ലി പറഞ്ഞു.
ഓസ്ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ തിളങ്ങുയ ശേഷം വന ഇഷാന്ത്, പെർത്ത് ടെസ്റ്റിൽ റിക്കി പോണ്ടിംഗിനെ വെള്ളം കുടിപ്പിച്ച ആവേശത്തിലാണ് വന്നത്. “ഞങ്ങൾ വ്യത്യസ്ത ഹോട്ടലുകളിലായിരുന്നു താമസിച്ചിരുന്നത്, അതിനാൽ ഗെയിമിനെക്കുറിച്ച് ഒരു സംഭാഷണവും ഉണ്ടായില്ല. അവൻ അന്ന് സ്ലെഡ്ജിംഗ് നടത്തി. അവൻ ഓസ്‌ട്രേലിയയിൽ നിന്ന് തിരിച്ചെത്തിയതേയുള്ളൂ. ആ ആറ്റിട്യൂഡിലാണ് അവൻ പെരുമാറിയത്.”
മത്സരത്തിൽ അഞ്ച് പന്തിൽ ഒരു റൺ മാത്രം എടുത്ത് അശോക് ദിൻഡക്ക് വിക്കറ്റ് നൽകി കോഹ്‌ലി പുറത്തായി. ആർസിബി മത്സരത്തിൽ 140 റൺസിന് പരാജയപ്പെട്ടു. എന്തായാലും ശേഷം 36 കാരനായ കോഹ്‌ലിയുടെ ഐപിഎല്ലിലും അന്താരാഷ്ട്ര കരിയറിലും ഗണ്യമായ പുരോഗതി ഉണ്ടായി. താരം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായി ഉയർന്നു.
Discussion about this post