ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത പ്രിസിഷൻ ഗൈഡഡ് മിസൈൽ യുഎൽപിജിഎം-വി3 പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഡ്രോണുകൾ വഴി വിന്യസിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത ഒരു യുഎവി-ലോഞ്ച്ഡ് മിസൈൽ – എക്സ്റ്റെൻഡഡ് റേഞ്ച് (യുഎൽഎം-ഇആർ) യുദ്ധോപകരണമാണിത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ നാഷണൽ ഓപ്പൺ ഏരിയ റേഞ്ച് പരീക്ഷണ കേന്ദ്രത്തിലാണ് ഇന്ത്യ പ്രിസിഷൻ ഗൈഡഡ് മിസൈൽ-വി3 വിജയകരമായി പരീക്ഷിച്ചത്.
ഈ മഹത്തായ നേട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ച എക്‌സിലൂടെ പങ്കുവെച്ചു, ” “ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി, ആന്ധ്രാപ്രദേശിലെ കുർണൂലിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഓപ്പൺ ഏരിയ റേഞ്ച് (NOAR) പരീക്ഷണ ശ്രേണിയിൽ DRDO വിജയകരമായി പരീക്ഷിച്ച UAV ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈൽ (ULPGM)-V3. ULPGM-V3 സിസ്റ്റത്തിന്റെ വികസനത്തിനും വിജയകരമായ പരീക്ഷണങ്ങൾക്കും DRDO, വ്യവസായ പങ്കാളികൾ, MSME-കൾ, സ്റ്റാർട്ടപ്പുകൾ എന്നിവരെ അഭിനന്ദിക്കുന്നു. നിർണായക പ്രതിരോധ സാങ്കേതികവിദ്യകൾ സ്വാംശീകരിക്കാനും ഉത്പാദിപ്പിക്കാനും ഇന്ത്യൻ പ്രതിരോധ വ്യവസായം ഇപ്പോൾ തയ്യാറാണെന്ന് ഈ വിജയം തെളിയിക്കുന്നു” എന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു.
ഡിആർഡിഒ നേരത്തെ വികസിപ്പിച്ച് വിതരണം ചെയ്ത ULPGM-V2 ന്റെ മെച്ചപ്പെട്ട പുതിയ പതിപ്പാണ് ഈ മിസൈൽ. അത്യാധുനിക പ്രതിരോധ സംവിധാനങ്ങളുടെ പ്രകടനം സമഗ്രമായി വിലയിരുത്തുന്നതിനായി ഇലക്ട്രോണിക് വാർഫെയർ സിമുലേഷൻ ഇതിൽ സംയോജിപ്പിച്ചിരുന്നു. ഈ എയർ-ടു-സർഫേസ് മിസൈൽ ഡ്രോണുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. ഇമേജിംഗ് ഇൻഫ്രാറെഡ് സീക്കർ ഉപയോഗിച്ച് പാസീവ് ഹോമിംഗ് പോലുള്ള സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇത് പകലും രാത്രിയും കൃത്യമായി ലക്ഷ്യത്തിലെത്താൻ സഹായകരമാണ്.
അദാനി ഡിഫൻസിന്റെയും ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെയും പങ്കാളിത്തത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.
12.5 കിലോഗ്രാം ഭാരമുള്ള ഈ ഫയർ-ആൻഡ്-ഫോർഗെറ്റ് മിസൈലിന് ഒരു ചെറിയ ഡ്യുവൽ-ത്രസ്റ്റ് സോളിഡ് പ്രൊപ്പൽഷൻ യൂണിറ്റ് ശക്തി പകരുന്നു. പകൽ സമയത്ത് പരമാവധി 4 കിലോമീറ്ററും രാത്രിയിൽ 2.5 കിലോമീറ്ററും വരെ ആക്രമണം നടത്താൻ ഈ മിസൈലിന് കഴിയും.









Discussion about this post