വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ലോക ക്രിക്കറ്റിൽ ഇന്നും അയാളോളം ബ്രാൻഡ് വാല്യൂ ഉള്ള മറ്റൊരു താരമില്ല എന്ന് പറയാം. ടെസ്റ്റ്, ടി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിട്ടും താരം ഉണ്ടാക്കി വെച്ച ബെഞ്ച്മാർക്കുകളും ചില റെക്കോഡുകളും മറികടക്കാൻ ഇനി ഒരു താരത്തിനും ഒരുപക്ഷെ പറ്റിയേക്കില്ല എന്നാണ് പലരും വിശ്വാസിക്കുന്നത്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം മത്സരക്രിക്കറ്റുകളുടെ ഭാഗം ആയി കളത്തിൽ ഇറങ്ങാത്ത കോഹ്‌ലിയെ ഇന്ത്യയുടെ ശ്രീലങ്കൻ പര്യാടനത്തിലാകും ഇനി നമ്മൾ മിക്കവാറും കാണുക.
2008 ൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച കോഹ്‌ലി മൂന്ന് ഫോർമാറ്റുകളിലുമായി 81 സെഞ്ച്വറികൾ ഉൾപ്പെടെ 27,600 ത്തിലധികം അന്താരാഷ്ട്ര റൺസ് നേടിയിട്ടുണ്ട്. പല മുൻനിര ടൂർമെന്റിലും പ്രത്യേകിച്ച് 2011 ലെ ലോകകപ്പിലും 2013 ലെ ചാമ്പ്യൻസ് ട്രോഫിയിലും 2024 ടി 20 ലോകകപ്പിലും 2025 ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചു.
മുൻ ഗുജറാത്ത് ടൈറ്റൻസ് താരം പ്രദീപ് സാങ്‌വാൻ, വിരാട് കോഹ്‌ലി ഉൾപ്പെട്ട രസകരമായ ഒരു കഥ കുറച്ചുനാളുകൾക്ക് മുമ്പ് വെളിപ്പെടുത്തി. കോഹ്‌ലിയും സാങ്‌വാനും ഡൽഹി അണ്ടർ 17 ടീമിലെ സഹതാരങ്ങളായിരുന്നപ്പോഴാണ് സംഭവം നടന്നത്. പരിശീലകരിൽ കോഹ്‌ലിയെ പ്രാങ്ക് ചെയ്യാൻ ഒരു കഥ ഉണ്ടാക്കി.
“ഞങ്ങൾ പഞ്ചാബിൽ നടന്ന ഒരു അണ്ടർ 17 മത്സരത്തിൽ കളിക്കുകയായിരുന്നു. കഴിഞ്ഞ 2-3 ഇന്നിംഗ്‌സുകളിൽ അദ്ദേഹം (കോഹ്‌ലി) വലിയ സ്‌കോറുകൾ നേടിയിരുന്നില്ല. അജിത് ചൗധരി എന്നൊരു പരിശീലകൻ ഞങ്ങൾക്ക് ഉണ്ടായിരുന്നു. വിരാട് ഞങ്ങളുടെ ടീമിലെ പ്രധാന കളിക്കാരനായിരുന്നു, അജിത് സർ തമാശയായി പറഞ്ഞു ‘അടുത്ത മത്സരത്തിൽ അദ്ദേഹം കളിക്കില്ലെന്ന് നമുക്ക് അദ്ദേഹത്തോട് പറയാം. എന്നിട്ട് അവനെ പറ്റിക്കാം. ഞങ്ങളെല്ലാം ആ തമാശയിൽ പങ്കുചേർന്നു,” സാങ്‌വാൻ വെളിപ്പെടുത്തി.
“ടീം മീറ്റിംഗിൽ സർ വിരാടിന്റെ പേര് പ്രഖ്യാപിച്ചില്ല. ഇത് കേട്ടിട്ട് കോഹ്‌ലി തന്റെ മുറിയിലേക്ക് പോയി കരയാൻ തുടങ്ങി! അവൻ സാറിനെ വിളിച്ച് പറഞ്ഞു, ഞാൻ ഒരു 200 ഉം 250 ഉം റൺസ് നേടിയിട്ടുണ്ട്. സത്യം പറഞ്ഞാൽ, ആ സീസണിൽ അവൻ വലിയ സ്കോർ നേടിയിരുന്നു. അവൻ വളരെ വികാരാധീനനായി രാജ്കുമാർ സാറിനെ (വിരാടിന്റെ ബാല്യകാല പരിശീലകൻ) പോലും വിളിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
പുറത്താക്കിയ വിവരം കേട്ടപ്പോൾ, അസ്വസ്ഥനായ വിരാട് ഉറക്കം പോലും ഇല്ലാതെ തന്റെ റൂമിൽ വന്നെന്നും താൻ പ്രാങ്ക് വിവരം അവസാനം കോഹ്‌ലിയോട് പറഞ്ഞു എന്നും വെളിപ്പെടുത്തി.
“പിന്നെ, അയാൾ എന്റെ അടുത്ത് വന്ന് ചോദിച്ചു, ‘സാങ്‌വാൻ, എന്താണ് കുഴപ്പം? ഈ സീസണിൽ ഞാൻ ഇത്രയധികം റൺസ് നേടി. ഞാൻ അവനോട് പറഞ്ഞു, ‘അതെ, അതെ, അത് വളരെ തെറ്റാണ്!’. രാത്രി മുഴുവൻ ഈ സങ്കടം കാരണം ഉറങ്ങില്ല എന്ന് കോഹ്‌ലി പറഞ്ഞപ്പോൾ ഉറങ്ങി ഇല്ലെങ്കിൽ അടുത്ത മത്സരം എങ്ങനെ കളിക്കും എന്ന് ഞാൻ ചോദിച്ചു. മത്സരത്തിൽ ടീമിൽ ഇല്ലാത്ത താൻ ഉറങ്ങി ഇല്ലെങ്കിലും കുഴപ്പം ഇല്ല എന്ന് അവൻ പറഞ്ഞപ്പോൾ ആണ് ഞാൻ പ്രാങ്ക് കാര്യം പറഞ്ഞത്. ആ മത്സരത്തിൽ വിരാട് ടീമിൽ കളിച്ചു.” സഹതാരം പറഞ്ഞു.
Discussion about this post