ന്യൂയോർക്ക് : ഗാസയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹമാസുമായി ചർച്ച നടത്തിയിട്ട് യാതൊരു കാര്യവുമില്ല എന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അവർ കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്നവരല്ല. മരിക്കാനുള്ള താല്പര്യത്തോടെ ജീവിക്കുന്നവരാണ്. മരിക്കാനായി ഇറങ്ങി തിരിച്ചവരോട് ചർച്ച നടത്തിയിട്ട് കാര്യമില്ല, അതുകൊണ്ട് ഗാസയിൽ ഇസ്രായേൽ നടത്തുന്ന ജോലികൾ പൂർത്തീകരിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രിക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
സ്കോട്ട്ലൻഡിലേക്കുള്ള വാരാന്ത്യ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ആണ് ട്രംപ് ഹമാസിനെ അതിരൂക്ഷമായി വിമർശിച്ച് സംസാരിച്ചത്. വെടി നിർത്തൽ ചർച്ചകൾക്ക് നമ്മൾ തയ്യാറായാൽ പോലും ഹമാസിന് അതിൽ യാതൊരു താൽപര്യവുമില്ല. അവർ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു, അത് വളരെ വളരെ മോശമാണ്. അതിനാൽ തന്നെ ഗാസയിൽ ഇസ്രായേൽ നടത്തുന്ന ജോലി പൂർത്തിയാക്കേണ്ട ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് എന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഗാസയിലേക്ക് സഹായം എത്തിക്കാനും ഹമാസിന്റെ കയ്യിലുള്ള ബന്ദികളെ വിട്ടു നൽകുന്നതിനുമുള്ള ചർച്ചകൾക്ക് യു എസ് ഭരണകൂടം താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഹമാസ് വഴങ്ങാതിരുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഈ ആഴ്ച ആദ്യം, ഖത്തറിലെ ദോഹയിൽ നടന്ന വെടിനിർത്തൽ ചർച്ചകളിൽ നിന്ന് ട്രംപ് ഭരണകൂടം തങ്ങളുടെ ചർച്ചാ സംഘത്തെ പിൻവലിച്ചിരുന്നു. ബന്ദികളുടെ മോചനം ഉറപ്പാക്കാൻ തന്റെ ടീം ഇപ്പോൾ ‘ബദൽ ഓപ്ഷനുകൾ’ നോക്കുന്നുണ്ടെന്ന് ട്രംപിന്റെ മിഡിൽ ഈസ്റ്റിനായുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗാസയിലെ പണി പൂർത്തീകരിക്കാൻ നെതന്യാഹുവിന് നിർദ്ദേശം നൽകിയതായി ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post