ന്യൂഡൽഹി : കേന്ദ്ര സായുധ പോലീസ് സേനകളിലെ ഉദ്യോഗസ്ഥർക്ക് ഏറെ ആശ്വാസകരമായ തീരുമാനവുമായി കേന്ദ്രസർക്കാർ. അംഗവൈകല്യം സംഭവിച്ചാലും സിഎപിഎഫ് ഉദ്യോഗസ്ഥർക്ക് മുഴുവൻ ആനുകൂല്യങ്ങളോടെയും സർവീസിൽ തുടരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഒറ്റത്തവണ അടിസ്ഥാന സാമ്പത്തിക പാക്കേജിന് പുറമെ സ്ഥാനക്കയറ്റത്തിനും ശമ്പളത്തിനും അർഹതയുണ്ടെന്നും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഞായറാഴ്ച നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി.
87-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. ബോർഡർ ഗാർഡിംഗ് ഫോഴ്‌സ് ആയ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് , ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് , സശസ്ത്ര സീമ ബാൽ എന്നിവയ്ക്കും ഫോഴ്‌സ് ഫോർ ഇന്റേണൽ സെക്യൂരിറ്റി ആയ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് , സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് , സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ( നാഷണൽ സെക്യൂരിറ്റി ഗാർഡ് ) എന്നിവയ്ക്കും ബാധകമാണ് കേന്ദ്രസർക്കാരിന്റെ ഈ ഉത്തരവ്.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഈ പദ്ധതിയുടെ അന്തിമരൂപം നൽകുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സംരംഭത്തിന്റെ ചട്ടക്കൂടും വിന്യാസ തന്ത്രവും നിർണ്ണയിക്കാൻ സിആർപിഎഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിംഗിന്റെ നേതൃത്വത്തിൽ ആണ് ഈ കമ്മിറ്റി പ്രവർത്തിക്കുന്നത്. വരും മാസങ്ങളിൽ കമ്മിറ്റി അതിന്റെ ശുപാർശകൾ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഗോവിന്ദ് മോഹൻ അറിയിച്ചു.









Discussion about this post