ജമ്മുകശ്മീരിൽ സൈന്യം ഇന്ന് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ ഭീകരർ പഹൽഗാം ഭീകരാക്രമണവുമായി നേരിട്ട് ബന്ധമുള്ളവരെന്ന് വിവരം. ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കർ കമാൻഡർ സുലൈമാൻ ഷാ എന്ന മൂസ ഫൗജിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ കൂടാതെ, അബു ഹംസ,യാസിർ എന്നീ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.
ഇന്ന് രാവിലെ 11 മണിയോടെയാണ് ധാരവനമേഖലയിൽ ലഡുവാവയിൽ ഏറ്റുമുട്ടൽ നടന്നത്. കരസേനയും സിആർപിഎഫും അടക്കമുള്ള സംയുക്ത സേന ഓപ്പറേഷൻ മഹാദേവിലൂടെയാണ് ഭീകരരെ വധിച്ചത്.
മുൾനാർ മേഖലയിൽ തീവ്രവാദ നീക്കം നടക്കുന്നതായി ഇന്റലിജൻസ് വിഭാഗത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംയുക്തസേന തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഓപ്പറേഷൻ തുടർന്ന് കൊണ്ടിരിക്കുകയാണെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മരിച്ച മൂന്നുപേരും പാകിസ്താനികളാണ് ലഷ്‌കർ-ഇ-തൊയ്ബ(എൽഇടി)യിൽ പെട്ടവരാണെന്നും ശ്രീനഗർ എസ്എസ്പി ജിവി സുന്ദീപ് ചക്രവർത്തി പറഞ്ഞു.
Discussion about this post