ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഷോപ്പിംഗ് നടത്തിയപ്പോൾ ഉണ്ടായ ഒരു രസകരമായ അനുഭവം ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് പങ്കുവെച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം 31 ന് നടക്കുമ്പോൾ അതിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സമനിലയിൽ അവസാനിപ്പിക്കാം. നാലാം മത്സരം തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് സമനിലയിൽ എത്തിച്ച ആത്മവിശ്വാസം ഇന്ത്യൻ ക്യാമ്പിനെ ഉണർത്തിയിട്ടുണ്ട്.
എന്തായാലും പരമ്പരയിൽ ഇതുവരെ അവസരം കിട്ടാത്ത അർശ്ദീപ് സഹതാരം ധ്രുവ് ജൂറലിനൊപ്പം ഷോപ്പിംഗിന് പോയി. തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ, അവർ വാങ്ങിയ സാധനങ്ങളെക്കുറിച്ച് ഇന്ത്യൻ പേസർ സംസാരിച്ചു. ₹3 ലക്ഷത്തിന് ഒരു ടീ-ഷർട്ട് താൻ ആ കടയിൽ കണ്ടെന്നും താരം പറഞ്ഞു . ടീ-ഷർട്ടിന്റെ വില കണ്ടതിന് ശേഷം കടയിൽ നിന്ന് ഇറങ്ങിപ്പോയെന്നും അർഷ്ദീപ് വെളിപ്പെടുത്തി.
“ഞങ്ങൾ ഷോപ്പിംഗിനായി ഒരു ദിവസം കണ്ടെത്തി. ആദ്യം, ഞങ്ങൾ ഒരു ഷർട്ട് എടുത്തു. പോളോ ബ്രാൻഡിന്റെ ആയിരുന്നു അത്. ഞങ്ങൾ കുറച്ച് ഷർട്ടുകളും പാന്റും ഒകെ നോക്കി. 3 ലക്ഷത്തിന് ഒരു ടീ-ഷർട്ട് അവിടെ ഉണ്ടായിരുന്നു. അത് കണ്ടതോടെ തന്നെ ഞെട്ടി പോയി. 17 സെക്കൻഡ് അവിടെ തങ്ങിയ ശേഷവും ഞങ്ങൾ അവിടം വിട്ടു.”
ഒരുപാട് ഇഷ്ടപെട്ടിട്ടും വാങ്ങാത്ത ഒരു ഡ്രെസ്സിനെക്കുറിച്ച് അദ്ദേഹം ധ്രുവ് ജൂറലിനോട് ചോദിച്ചു.
“നല്ല ഷർട്ട് ആയിരുന്നല്ലോ അത്. അതിൽ ഇളം പിങ്ക്, ഇളം വെള്ള നിറങ്ങളുണ്ടായിരുന്നു. എന്തുകൊണ്ടാണ് നിങ്ങൾ അത് എടുക്കാതിരുന്നത്?” അർശ്ദീപ് ചോദിച്ചു.
“അത് 50,000 രൂപയുടേത് ആയിരുന്നു. ആരാണ് അത് എടുക്കുക? നിങ്ങൾക്ക് 50,000 രൂപയ്ക്ക് ഷോപ്പിംഗ് നടത്തണമെങ്കിൽ, ഷൂസ് വാങ്ങുക, ഉപയോഗപ്രദമായ ഒരു വാലറ്റ് വാങ്ങുക. ഈ ഒരു ഷർട്ട് 2-3 ദിവസം നിലനിൽക്കും, അത്രയേയുള്ളൂ,” ജൂറൽ മറുപടി നൽകി.
മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിൽ വിജയം നഷ്ടമായതും തൊട്ടുപിന്നാലെയുള്ള വിവാദങ്ങളും ഇംഗ്ലണ്ട് ടീമിനെ ഉലച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post