ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം പുരോഗമിക്കുമ്പോൾ ഇന്ന്, പാർലമെന്റിന്റെ ഇരുസഭകളിലും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ചർച്ചകൾ നടന്നു. ചർച്ചകളിലെ ശ്രദ്ധാകേന്ദ്രമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർലമെന്റിൽ എത്തി. പ്രതിപക്ഷത്തിന്റെ ഓരോ സംശയങ്ങൾക്കും ആരോപണങ്ങൾക്കും കൃത്യവും വ്യക്തവുമായ മറുപടിയായിരുന്നു പ്രധാനമന്ത്രി ഇന്ന് പാർലമെന്റിൽ നൽകിയത്. പഹൽഗാം ആക്രമണം ഇന്ത്യയിൽ കലാപം പടർത്താനുള്ള ഗൂഢാലോചനയാണെന്ന് പ്രധാനമന്ത്രി മോദി ലോക്സഭയിൽ അറിയിച്ചു. ഐക്യത്തോടെ ആ ഗൂഢാലോചന പരാജയപ്പെടുത്തിയ രാജ്യത്തെ ജനങ്ങൾക്ക് താൻ നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് രാജ്യത്തെ പ്രതിപക്ഷത്തിന് മാത്രം ഇപ്പോഴും സംശയങ്ങൾ ആണെന്നും മോദി സൂചിപ്പിച്ചു. “ഭീകരർ കരയുന്നു, അവരുടെ യജമാനന്മാർ കരയുന്നു, അവർ കരയുന്നത് കണ്ട് ഇവിടെ ചിലരും കരയുന്നു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അവർക്ക് മാധ്യമങ്ങളിൽ ഇടം നേടാൻ കഴിയും. എന്നാൽ രാജ്യത്തെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടാൻ കഴിയില്ല. ഒരു വശത്ത് ഇന്ത്യ സ്വാശ്രയത്വത്തിലേക്ക് അതിവേഗം നീങ്ങുമ്പോൾ, മറുവശത്ത്, കോൺഗ്രസ് വിഷയങ്ങൾക്കായി പാകിസ്താനെ ആശ്രയിക്കുന്നു. നിർഭാഗ്യവശാൽ, കോൺഗ്രസ് പാകിസ്താനിൽ നിന്ന് കാര്യങ്ങൾ ഇറക്കുമതി ചെയ്യുകയാണ്. ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിന് വെറും 3-4 ദിവസങ്ങൾക്ക് ശേഷം, അവർ ചാടിവീഴുകയും 56 ഇഞ്ച് നെഞ്ചളവ് എവിടെപ്പോയി? മോദി എവിടെപ്പോയി? മോദി പരാജയപ്പെട്ടു എന്നുമെല്ലാമുള്ള പ്രസ്താവനകൾ പുറത്തിറക്കാൻ തുടങ്ങി. അവർ ആസ്വദിക്കുകയായിരുന്നു. പഹൽഗാമിലെ നിരപരാധികളുടെ മരണത്തിൽ പോലും അവർ രാഷ്ട്രീയ നേട്ടം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു” എന്നും മോദി ലോക്സഭയിൽ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ലോകത്തിലെ ഒരു നേതാവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മോദി ഇന്ന് ലോക്സഭയിൽ പറഞ്ഞു.
“9-ാം തീയതി രാത്രി അമേരിക്കൻ വൈസ് പ്രസിഡന്റ് എന്നോട് സംസാരിക്കാൻ ശ്രമിച്ചു. ഒരു മണിക്കൂറോളം ശ്രമിച്ചു. ഞാൻ സൈന്യവുമായുള്ള ഒരു മീറ്റിംഗിലായിരുന്നു. അതിനാൽ എനിക്ക് ഫോണെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് ഞാൻ തിരിച്ചുവിളിച്ചു. പാകിസ്താൻ വളരെ വലിയ ഒരു ആക്രമണം നടത്താൻ പോകുകയാണെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് എന്നോട് പറഞ്ഞു. പാകിസ്താന്റെ ഉദ്ദേശ്യം അതാണെങ്കിൽ, അതിന് അവർ വലിയ വില നൽകേണ്ടി വരുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പാകിസ്താൻ ആക്രമിച്ചാൽ, ഞങ്ങൾ അതിലും വലിയ ആക്രമണത്തിലൂടെ പ്രതികരിക്കും എന്നാൽ ഞാൻ അമേരിക്കൻ വൈസ് പ്രസിഡണ്ടിനോട് വ്യക്തമാക്കിയിരുന്നു. തുടർന്ന് പാകിസ്താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ആക്രമണം നമ്മൾ നടത്തി. വൈകാതെ തന്നെ വെടിനിർത്തലിന് അഭ്യർത്ഥിച്ചുകൊണ്ട് പാകിസ്താൻ നമ്മളെ ഇങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. എന്നാൽ ഈ കാര്യങ്ങളെ കുറിച്ചുള്ള ഇന്ത്യൻ സൈന്യത്തിന്റെ പ്രസ്താവന ഇവിടെ ചിലർ വിശ്വസിക്കുന്നില്ല. എന്നാൽ പാകിസ്താന്റെ നുണകളും പ്രചാരണങ്ങളും അവർ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇന്നലെ പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികളെ നമ്മൾ വകവരുത്തിയപ്പോൾ സാവൻ മാസത്തിലെ തിങ്കളാഴ്ചയ്ക്കായി കാത്തിരിക്കുകയായിരുന്നോ എന്നാണ് പ്രതിപക്ഷം ചോദിച്ചത്. ഇവരുടെയൊക്കെ മാനസികാവസ്ഥ എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല” എന്നും മോദി പാർലമെന്റിൽ വ്യക്തമാക്കി.
Discussion about this post