ലോകത്ത് പുതിയ ഒരു രക്തഗ്രൂപ്പ് കൂടി കണ്ടുപിടിക്കപ്പെട്ടു. കർണാടകയിലെ കോലാർ സ്വദേശിനിയുടേതാണ് പുതിയ രക്തഗ്രൂപ്പ്. ക്രിബ് (CRIB) ആന്റിജൻ രക്തഗ്രൂപ്പിൽ പെടുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ് കോലാറിൽ ചികിത്സയ്ക്കെത്തിയ സ്ത്രീ. 2025 ജൂണിൽ ഇറ്റലിയിലെ മിലാനിൽ നടന്ന ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷന്റെ (ISBT) 35-ാമത് റീജിയണൽ കോൺഗ്രസിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ക്രോമർ ബ്ലഡ് ഗ്രൂപ്പ് സിസ്റ്റത്തിന്റെ ഭാഗമാണ് ഈ രക്തഗ്രൂപ്പ്. പേരിലെ CR എന്നത് ക്രോമറിനെ പ്രതിനിധീകരിക്കുന്നു. I എന്നത് ഇന്ത്യയും B എന്നത് ബംഗളുരുവിനെയും പ്രതിനിധീകരിക്കുന്നു.
കോലാറിലെ ഒരു ആശുപത്രിയിൽ ഇവരെ ഹൃദയ ശസ്ത്രക്രിയയ്ക്കായി പ്രവേശിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. സാധാരണമായി കണ്ടുവരുന്ന O Rh+ രക്തഗ്രൂപ്പ് ആയിരുന്നു ഇവരുടേത്. സ്ത്രീയുടെ 20 ഓളം ബന്ധുക്കളുടെ രക്ത സാമ്പിളുകൾ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ഒന്നും യോജിക്കുന്നതായിരുന്നില്ല.
തുടർന്നാണ് കൂടുതൽ പരിശോധനയ്ക്കായി ആശുപത്രി റോട്ടറി ബാംഗ്ലൂർ ടിടികെ ബ്ലഡ് സെന്ററിലെ അഡ്വാൻസ്ഡ് ഇമ്മ്യൂണോഹെമറ്റോളജി റഫറൻസ് ലബോറട്ടറിയിലേക്ക് കൈമാറി. സീറോളജിക്കൽ പരിശോധനകളിലാണ് ഇവരുടെ രക്തം പാന്റിയാക്ടീവ് ആണെന്നും ഒരു രക്ത സാമ്പിളുകളോടും പൊരുത്തപ്പെടുന്നില്ലെന്നും കണ്ടെത്തിയത്. ആശുപത്രി അധികൃതർ രക്തത്തിന്റെ ആവശ്യമില്ലാതെ തന്നെ അവരുടെ ശസ്ത്രക്രിയ പൂർത്തിയാക്കി.
രോഗിയുടെയും കുടുംബത്തിന്റെയും രക്തസാമ്പിളുകൾ യുകെയിലെ ബ്രിസ്റ്റലിലുള്ള ഇന്റർനാഷണൽ ബ്ലഡ് ഗ്രൂപ്പ് റഫറൻസ് ലബോറട്ടറിയിലേക്ക് (IBGRL) വിശദപരിശോധനയ്ക്കായി അയച്ചു. പത്ത് മാസം നീണ്ട വിപുലമായ ഗവേഷണത്തിലൂടെയും തന്മാത്രാ പരിശോധനയിലൂടെയുമാണ് ഇത് പുതിയ തരം രക്തഗ്രൂപ്പ് ആന്റിജനാണെന്ന് കണ്ടെത്തിയതെന്ന് റോട്ടറി ബാംഗ്ലൂർ ടിടികെ ബ്ലഡ് ഗ്രൂപ്പ് സെന്ററിലെ ഡോ. അങ്കിത് മാഥൂർ പറഞ്ഞു.
Discussion about this post