ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് (WCL) സെമിഫൈനലിൽ കളിക്കാൻ ഇന്ത്യാ ചാമ്പ്യൻസ് വിസമ്മതിച്ച വാർത്ത ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനുമായി കളിക്കാൻ തങ്ങൾക്ക് താത്പര്യം ഇല്ലെന്ന് ടൂർണമെന്റ് തുടക്കത്തിൽ തന്നെ ഇന്ത്യ ചാമ്പ്യൻസ് അറിയിക്കുകയും അത് പ്രകാരം ഗ്രുപ്പ് മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.
ടീം ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും, രാജ്യത്തിന്റെ വികാരങ്ങളെ മാനിച്ചാണ് കളിക്കാർ നോക്കൗട്ട് മത്സരത്തിൽ നിന്ന് പിന്മാറിയതെന്ന് ഒരു ടീം അംഗം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. “സെമിയിൽ ഞങ്ങൾ പാകിസ്ഥാനെതിരെ കളിക്കുന്നില്ല. ഞങ്ങളുടെ രാജ്യം എപ്പോഴും ഞങ്ങൾക്ക് മുന്നിലായിരിക്കും, അതിനുശേഷം മാത്രമേ ബാക്കിയുള്ള കാര്യങ്ങൾ നോക്കൂ. ഞങ്ങൾ ഇന്ത്യയ്ക്കായി എന്തും ചെയ്യും. ഞങ്ങൾ ടീം ഇന്ത്യയിലെ അംഗങ്ങളാണ്. ഞങ്ങളുടെ ജേഴ്‌സിയിൽ ഇന്ത്യൻ പതാക പതിപ്പിക്കാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്തായാലും ഞങ്ങളുടെ രാജ്യത്തെ ഞങ്ങൾ ഒരിക്കലും നിരാശപ്പെടുത്തില്ല. ഭാരത് മാതാ കീ ജയ്,” പേര് വെളിപ്പെടുത്താത്ത ഒരു ടീം അംഗം പറഞ്ഞു.
ഫൈനലിൽ പാകിസ്ഥാനെതിരെ കളിക്കേണ്ടി വന്നിരുന്നെങ്കിൽ കളിക്കാർക്കും ഇതേ നിലപാട് തന്നെയായിരിക്കും എടുക്കുക എന്നും മറ്റൊരു പ്രസ്താവനയിൽ പറഞ്ഞു. “ഫൈനലിൽ പാകിസ്ഥാനെ നേരിട്ടിരുന്നെങ്കിലും ഞങ്ങൾക്കും ഇതുതന്നെ ചെയ്യുമായിരുന്നു. ഞങ്ങൾ ഒരേ നിലപാടിലാണ് നിൽക്കുന്നത്” ഒരു ടീം വൃത്തം കൂട്ടിച്ചേർത്തു.
WCL സംഘാടകർ ഇന്ത്യൻ ക്യാമ്പിന്റെ തീരുമാനത്തെ മാനിക്കുകയും സെമിഫൈനൽ മത്സരം റദ്ദാക്കുകയും ചെയ്തു. ഇതോടെ പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചു. അവിടെ അവർ ഓസ്ട്രേലിയ- സൗത്താഫ്രിക്ക മത്സരത്തിലെ വിജയികളെ നേരിടും.
Discussion about this post