ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയ്‌ക്കെതിരായ ഇന്ന് നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നിന്ന് പുറത്തായി. നാലാം മത്സരത്തിൽ തോളിന് പരിക്കേറ്റ താരം ഓവലിൽ നടക്കുന്ന നിർണായക പോരാട്ടത്തിൽ നിന്ന് പിന്മാറുക ആയിരുന്നു. എന്നിരുന്നാലും, തന്റെ അഭാവം ടീമിനെ ബാധിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിനെ മാച്ച് വിന്നർമാരുടെ ടീമെന്ന് അദ്ദേഹം വിളിച്ചു. നാല് മത്സരങ്ങളിൽ നിന്ന് 300 ൽ അധികം റൺസും 17 വിക്കറ്റുകളും നേടിയിട്ടുള്ള താരത്തിന്റെ അഭാവം ടീമിന് പണിയാകും എന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്.
ഇംഗ്ലണ്ട് 2-1 ന് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് തങ്ങളുടെ ഏറ്റവും മികച്ച പോരാട്ടം കാഴ്ചവെച്ച് പരമ്പര സമനിലയിലാക്കാൻ ഇന്ത്യ ശ്രമിക്കും. “പ്ലേയിങ് ഇലവനിൽ ഞങ്ങൾക്ക് മാച്ച് വിന്നർമാരുണ്ട്. ഞാൻ ക്യാപ്റ്റനാണ്, പക്ഷേ മറ്റ് കളിക്കാരിൽ നിന്ന് ഞാൻ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു. ഞങ്ങളുടെ ടീമിൽ ഉള്ള നല്ല ബുദ്ധിയുള്ള ഒരുപാട് താരങ്ങളുണ്ട്. ഞങ്ങൾ 11 മാച്ച് വിന്നർമാരുടെ ഒരു സംഘമാണ്. ഒരാൾക്ക് ഒരു മത്സരം തന്നെ ജയിപ്പിക്കാൻ പറ്റില്ലല്ലോ” അദ്ദേഹം പറഞ്ഞു.
“ഞാൻ ടീമിന്റെ ഭാഗമാണോ അല്ലയോ എന്നത് കൊണ്ട് ഞങ്ങൾ ഒരു മത്സരം ജയിക്കുകയോ തോൽക്കുകയോ ചെയ്യുമെന്ന് അർത്ഥമാക്കുന്നില്ല. ഞങ്ങളുടെ കളിക്കാർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, അവസാന മത്സരത്തിൽ വിജയം നേടി പരമ്പര സ്വന്തമാക്കാൻ ഞങ്ങൾ ഇനി ശ്രമിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു. ഓവലിലെ പിച്ച് ക്യൂറേറ്ററുമായുള്ള ഗൗതം ഗംഭീറിന്റെ തർക്കത്തെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്നലെയാണ് അത് സംഭവിച്ചത്. ഞാൻ അവിടെ ഉണ്ടായിരുന്നില്ല, അതിനാൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല,” സ്റ്റോക്സ് കൂട്ടിച്ചേർത്തു.
ഇന്ന് പരമ്പരയിലെ നിർണായക മത്സരത്തിൽ ഒല്ലി പോപ്പ് ഇംഗ്ലണ്ടിനെ നയിക്കും.













Discussion about this post