ധനശ്രീ വർമ്മയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് പ്രതികരണവുമായി യുസ്‌വേന്ദ്ര ചാഹൽ. തങ്ങളുടെ ബന്ധത്തിൽ സംഭവിച്ച തെറ്റുകളെക്കുറിച്ചും പങ്കാളി ഉന്നയിച്ച വഞ്ചനാ ആരോപണങ്ങൾക്കിടയിലുള്ള തന്റെ പോരാട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 2020 ൽ ആണ് ഇരുവരും വിവാഹിതരായത്. ആദ്യ നാളുകളിൽ ഒകെ സന്തോഷം ആയിരുന്നു എങ്കിലും 2023 മുതൽ പ്രശ്നങ്ങൾ ആരംഭിച്ചു എന്നും താരം പറഞ്ഞു.
രാജ് ഷമാനിയോട് സംസാരിച്ച ചാഹൽ, തന്റെ വിവാഹമോചനത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതുവരെ പുറത്ത് ആരോടും ഇത് സംബന്ധിച്ച് സംസാരിച്ചില്ല എന്നും പറഞ്ഞു. “ഇത് വളരെക്കാലം മുമ്പേ ഉള്ള പ്രശ്നം ആയിരുന്നു. ഞങ്ങൾ ലോകത്തിന് ഒന്നും കാണിച്ചില്ല എന്ന് മാത്രം. ഒരു സാധാരണ ദമ്പതികളെപ്പോലെയാണ് പെരുമാറിയത്,” അദ്ദേഹം പറഞ്ഞു.
താനും ധനശ്രീയും അവരുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും, അതോടെ ബന്ധത്തിന് സമയം നൽകുന്നത് ബുദ്ധിമുട്ടായി മാറിയെന്നും ലെഗ് സ്പിന്നർ എടുത്തുപറഞ്ഞു. “ബന്ധം എന്നത് ഒരു വിട്ടുവീഴ്ചയാണ്. ഒരാൾക്ക് ദേഷ്യം വന്നാൽ മറ്റേയാൾ അത് കേൾക്കണം. ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയായിരുന്നു, അവൾ അവളുടെ കാര്യങ്ങളിൽ തിരക്കിലായിരുന്നു. ഇത് രണ്ട് വർഷത്തോളം നീണ്ടുനിന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ബന്ധത്തിന് സമയം നൽകാൻ കഴിഞ്ഞില്ല. ജോലി ചെയ്യുന്ന രണ്ട് ആളുകൾക്ക് ഒരുമിച്ച് നിൽക്കാൻ കഴിയും. എല്ലാവർക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ട്, ഒരു പങ്കാളി എന്ന നിലയിൽ നിങ്ങൾ അവരെ പിന്തുണയ്ക്കണം. നമ്മൾ 18-20 വർഷമായി ഒരേ ജോലി ചെയ്യുന്നു, ഒരു ബന്ധത്തിനായി നിങ്ങൾക്ക് അത് ഉപേക്ഷിക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
വഞ്ചന ആരോപണങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ “എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും ആരെയും വഞ്ചിച്ചിട്ടില്ല. എപ്പോഴും എന്റെ ഹൃദയത്തിൽ നിന്നാണ് ചിന്തിക്കുന്നത്. പല ആളുകൾക്കും എന്നെക്കുറിച്ച് ഒന്നും അറിയില്ല, പക്ഷേ അവർ എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. എനിക്ക് രണ്ട് സഹോദരിമാരുണ്ട്, ഒരു സ്ത്രീയെ എങ്ങനെ ബഹുമാനിക്കണമെന്ന് എനിക്കറിയാം,” അദ്ദേഹം വിശദീകരിച്ചു.
പൊതുജനങ്ങളുടെ കുറ്റപ്പെടുത്തലും താൻ അനുഭവിക്കുന്ന വിഷമങ്ങളും കാരണം തനിക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടായതായി ചാഹൽ സമ്മതിച്ചു. “എനിക്ക് ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നു. ഞാൻ ആകെ മടുത്ത് പോയി. ഞാൻ 2 മണിക്കൂർ കരയുമായിരുന്നു. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, അത് 40-45 ദിവസം തുടർന്നു. എനിക്ക് ഭയമായിരുന്നു,” അദ്ദേഹം പറഞ്ഞു.
Discussion about this post