ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇന്ത്യ-ചൈന സംഘർഷത്തിനുശേഷം സൈന്യത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ആണ് സുപ്രീംകോടതി രാഹുൽഗാന്ധിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ഒരു യഥാർത്ഥ ഇന്ത്യക്കാരൻ ആണെങ്കിൽ ഒരിക്കലും ഇത്തരം പരാമർശങ്ങൾ നടത്തില്ല എന്ന് സുപ്രീംകോടതി രാഹുലിനോട് വ്യക്തമാക്കി.
2020-ൽ ഗാൽവാൻ താഴ്‌വരയിൽ നടന്ന ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദമായ പരാമർശങ്ങൾ ഉണ്ടായത്. ചൈന 2000 ചതുരശ്ര കിലോമീറ്റർ കൈവശപ്പെടുത്തി എന്നതുൾപ്പെടെ ഇന്ത്യൻ സൈന്യത്തിനെതിരെ നിരവധി വ്യാജ ആരോപണങ്ങൾ ആയിരുന്നു രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നത്. അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈനികർ ചൈനീസ് സൈനികരുടെ മർദ്ദനം ഏറ്റുവാങ്ങുകയാണെന്നും രാഹുൽഗാന്ധി പരാമർശിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഈ പരാമർശങ്ങൾക്കെതിരെ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (ബിആർഒ) മുൻ ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവ സമർപ്പിച്ച മാനനഷ്ടക്കേസ് നിലവിൽ ലഖ്‌നൗ കോടതിയിൽ പരിഗണനയിലാണ്. ഈ ക്രിമിനൽ മാനനഷ്ടക്കേസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
“ചൈന 2000 ചതുരശ്ര കിലോമീറ്റർ കൈവശപ്പെടുത്തിയെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? വിശ്വസനീയമായ വസ്തുത എന്താണ്? നിങ്ങൾ ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ, നിങ്ങൾ ഇത് പറയില്ല. അതിർത്തിയിൽ ഒരു സംഘർഷം ഉണ്ടാകുമ്പോൾ… നിങ്ങൾക്ക് ഇതെല്ലാം പറയാൻ കഴിയുമോ? പാർലമെന്റിൽ എന്തുകൊണ്ട് നിങ്ങൾ ഈ ചോദ്യങ്ങൾ ചോദിക്കുന്നില്ല?” എന്നും സുപ്രീംകോടതി രാഹുൽഗാന്ധിയോട് ചോദ്യമുന്നയിച്ചു. തുടർന്ന് ക്രിമിനൽ നടപടികൾക്ക് സ്റ്റേ അനുവദിച്ച കോടതി കേസ് തുടരുമെന്ന് വ്യക്തമാക്കി.









Discussion about this post