ചെന്നൈ : ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലായി സംസ്ഥാന വിദ്യാഭ്യാസ നയം പുറത്തിറക്കി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. വെള്ളിയാഴ്ച കോട്ടൂർപുരത്തെ അണ്ണാ സെന്റിനറി ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ച് സ്റ്റാലിൻ സംസ്ഥാന വിദ്യാഭ്യാസ നയം (SEP) പുറത്തിറക്കി. വിരമിച്ച ജസ്റ്റിസ് മുരുകേശന്റെ നേതൃത്വത്തിൽ 2022 ൽ രൂപീകരിച്ച 14 അംഗ സമിതിയാണ് തമിഴ്നാടിന്റെ സംസ്ഥാന വിദ്യാഭ്യാസം നയം രൂപീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം നിലനിർത്തിയാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിച്ചിട്ടുള്ളത്. ദേശീയ വിദ്യാഭ്യാസം നയത്തിലെ ത്രിഭാഷാ നയം ഒഴിവാക്കി ഇംഗ്ലീഷും തമിഴും മാത്രം പഠിപ്പിക്കുന്നതാണ് സംസ്ഥാന വിദ്യാഭ്യാസ നയം. കൂടാതെ ബിരുദ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷയ്ക്ക് പകരം 11, 12 ക്ലാസുകളിലെ ഏകീകൃത മാർക്കിന്റെ അടിസ്ഥാനത്തിൽ ആർട്സ്, സയൻസ് കോഴ്സുകളിലേക്ക് ശുപാർശ ചെയ്യാനും പുതിയ വിദ്യാഭ്യാസ നയത്തിൽ തീരുമാനമുണ്ട്.
ദേശീയ വിദ്യാഭ്യാസ നയത്തിലുള്ള 3, 5, 8 ക്ലാസുകളിലെ പൊതു പരീക്ഷകൾക്കുള്ള നിർദ്ദേശത്തിനെതിരെയും തമിഴ്നാട് വിദ്യാഭ്യാസ നയം എതിർപ്പ് പ്രകടിപ്പിക്കുന്നു. ദേശീയ വിദ്യാഭ്യാസ നഖത്തിലെ ഈ തീരുമാനം പിന്തിരിപ്പനും സാമൂഹിക വിരുദ്ധവും ആണെന്ന് തമിഴ്നാട് സൂചിപ്പിക്കുന്നു. ഉയർന്ന കൊഴിഞ്ഞുപോക്ക് നിരക്കുകൾക്കും വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിനും ഇത് കാരണമാകുമെന്നും തമിഴ്നാടിന്റെ സംസ്ഥാന വിദ്യാഭ്യാസ നയത്തിൽ സൂചിപ്പിക്കുന്നു.
Discussion about this post