അന്താരാഷ്ട്ര ക്രിക്കറ്റിൽ, വെല്ലുവിളികളെ അതിജീവിച്ച് അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയ കളിക്കാരുണ്ട്. ഗ്രെയിം സ്മിത്ത് ഒരു കൈ കൊണ്ട് ബാറ്റ് ചെയ്തതും യുവരാജ് ക്യാൻസറിനെ തോൽപ്പിച്ച് തിരിച്ചെത്തിയതുമൊക്കെ നമുക്ക് അറിയാവുന്ന സംഭവങ്ങളാണ്. പക്ഷേ നിങ്ങളിൽ പലരും ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഹാരി ലീയുടെ വിചിത്രമായ കഥ ചിലപ്പോൾ കേട്ട് കാണാൻ ഇടയില്ല. മരിച്ച് 15 വർഷത്തിനുശേഷം ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഹാരി ലീയുടെ കഥ കേൾക്കുമ്പോൾ ഇങ്ങനെയും ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം.
വർഷം 1915 , ഒന്നാം ലോകമഹായുദ്ധം യൂറോപ്യൻ രാഷ്ട്രങ്ങളെ തളർത്തികൊണ്ടിരുന്ന സമയം ആയിരുന്നു അത്. ദിവസവും ആയിരക്കണക്കിന് ആളുകൾ ലോകത്തിന്റെ വിവിധ ഇടങ്ങളിലായി മരിച്ച് വീഴുന്നു. അങ്ങനെ ഉള്ള ഒരു യുദ്ധകാലമാണ് ഹാരി ലീയുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചത് എന്ന് പറയാം.
കുടുംബത്തിലെ മൂത്ത മകനായിരുന്നു ഹാരി ലീ, 1890-ൽ ആയിരുന്നു ജനനം. ചെറുപ്പം മുതലേ ക്രിക്കറ്റിൽ താൽപ്പര്യമുണ്ടായിരുന്നു. മിഡിൽസെക്സ് കൗണ്ടിയിൽ കളിക്കാൻ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചു. തനിക്ക് ടീമിന്റെ ഭാഗമായി എന്തെങ്കിലും ജോലി തരണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം ടീമിന് കത്തുകൾ എഴുതുമായിരുന്നു. ഒടുവിൽ ടീമിന്റെ ഗ്രൗണ്ട് സ്റ്റാഫായി ഹാരി നിയമിക്കപ്പെട്ടു. കഠിനാധ്വാനത്തിനുശേഷം, ഒടുവിൽ മിഡിൽസെക്സ് അണ്ടർ-19 ടീമിൽ അദ്ദേഹം ഇടം നേടി. 1914-ഓടെ ടീമിൽ സ്ഥിരം കളിക്കാരനുമായി. അങ്ങനെ കാര്യങ്ങൾ എല്ലാം നന്നായി പോയിരുന്ന സമയത്ത് ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചു.
1914-ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ബ്രിട്ടൻ തങ്ങളുടെ യുവ പൗരന്മാരോട് സൈന്യത്തിൽ ചേരാനും രാജ്യത്തെ സേവിക്കാനും ആവശ്യപ്പെട്ടു. ബോംബ് സ്ഫോടനത്തിൽ വീട്ടിൽ മരിക്കുന്നതിനേക്കാൾ വെടിയുണ്ടകളെ നേരിടുന്നതാണ് നല്ലതെന്നുള്ള ആശയം ആയിരുന്നു അവർക്കുണ്ടായിരുന്നത്. സൈനിക സേവനത്തിൽ താൽപ്പര്യമില്ലാതിരുന്ന ലീ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ അവസാനം നിർവാഹം ഇല്ലാതെ വന്നപ്പോൾ ലീയും സൈന്യത്തിൽ ചേർന്നു.
ലീയെ സൈന്യം 13-ാം ബറ്റാലിയനിൽ ഉൾപ്പെടുത്തി. ശേഷം ജർമ്മൻ സൈന്യവുമായുള്ള ഒരു പോരാട്ടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. അന്നത്തെ പോരിൽ 499-ലധികം പേർ മരിച്ചതിനാൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താനായില്ല. ലീ മരിച്ചുവെന്ന് അനുമാനിക്കപ്പെട്ടു, മാതാപിതാക്കൾ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ചടങ്ങുകൾ വരെ നടത്തി.
എന്നിരുന്നാലും, ട്വിസ്റ്റ് അവിടം കൊണ്ടും അവസാനിച്ചില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നു, ഇടതു തുടയിൽ വെടിയേറ്റെങ്കിലും, ലീ എങ്ങനെയോ മണ്ണിനടിയിൽ തന്നെ തുടർന്നു. സ്വന്തം നാടായ ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, അദ്ദേഹത്തിന് പേശി മരണം സംഭവിച്ചുവെന്നും ഒരു കാൽ മറ്റേ കാലിനേക്കാൾ നീളം കുറവായിരിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.
എന്തായാലും മിഡിൽസെക്സ് ക്രിക്കറ്റ് ക്ലബ് അദ്ദേഹത്തിന്റെ ആരോഗ്യം ശ്രദ്ധിച്ചു. ലീയുടെ ക്രിക്കറ്റ് കരിയർ അവസാനിച്ചുവെന്ന് തോന്നിയെങ്കിലും, അദ്ദേഹം വീണ്ടും സാധ്യതകളെ എഴുതിത്തള്ളി കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനായി കളിക്കാൻ തുടങ്ങി. അടുത്ത 15 വർഷം, അദ്ദേഹം ആഭ്യന്തര സർക്യൂട്ടിൽ കഠിനാധ്വാനം ചെയ്തു.
1930-ൽ, ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയപ്പോൾ ഇംഗ്ലണ്ടിലെ പല താരങ്ങളെയും പരിക്ക് ബാധിച്ചു. ആ സമയം പകരക്കാരെ തേടിയ ടീമിന്റെ വിളി ലീഗിലേക്ക് എത്തി. പരമ്പരയിലെ 3 ടെസ്റ്റുകൾക്ക് ശേഷം, ഇംഗ്ലണ്ട് 0-1 ന് പിന്നിലായിരുന്നു, പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ ലീക്ക് അവസരം നൽകാൻ അവർ തീരുമാനിച്ചു. ‘ചുരുക്കി പറഞ്ഞാൽ മരിച്ചു എന്ന് വിധി എഴുതി 15 വർഷത്തിന് ശേഷം’, ലീക്ക് തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാനും ബാറ്റിംഗ് ഓപ്പണർ ആവാനും അവസരം ലഭിച്ചു. രണ്ട് ഇന്നിംഗ്സുകളിലും 18 ഉം 1 ഉം റൺസ് നേടി. പിന്നീട് ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും ഇല്ല. പക്ഷേ ഇംഗ്ലണ്ടിനായി കളിക്കുക എന്ന തന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു, അതും വിധിയെ തോൽപ്പിച്ച് തന്നെ……













Discussion about this post