ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരായ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർദ്ധനവിന് ശേഷം അമേരിക്കക്കുള്ള ആദ്യ തിരിച്ചടിയുമായി മോദി സർക്കാർ. ഇന്ത്യയും യുഎസും തമ്മിലുള്ള 31,500 കോടി രൂപയുടെ ബോയിംഗ് കരാർ ഇന്ത്യ റദ്ദാക്കി. 2021ലായിരുന്നു 2.42 ബില്യൺ യുഎസ് ഡോളറിന് ആറ് അധിക ബോയിംഗ് പി-8I സമുദ്ര പട്രോളിംഗ് വിമാനങ്ങൾക്കുള്ള കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകിയിരുന്നത്.
റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതിക്ക് പ്രതികാരമായി ഇന്ത്യക്ക് 50% തീരുവ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കുള്ള ഇന്ത്യയുടെ നേരിട്ടുള്ള ആദ്യ പ്രതികരണമാണിത്. യുഎസിന്റെ ഈ താരിഫ് വർദ്ധനവിന് പിന്നാലെയാണ് അമേരിക്കൻ എയ്‌റോസ്‌പേസ് കമ്പനിയായ ബോയിംഗിൽ നിന്ന് വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. ആറ് P-8I പോസിഡോൺ ആന്റി സബ്മറൈൻ വിമാനങ്ങൾ വാങ്ങുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതായി ഇന്ത്യയുടെ പ്രതിരോധ വെബ്‌സൈറ്റ് IDRW റിപ്പോർട്ട് ചെയ്തു.
ട്രംപിന്റെ പുതുക്കിയ തീരുവ പ്രകാരം പദ്ധതി ചെലവിൽ ഏകദേശം 50 ശതമാനം വർദ്ധനവ് കാരണം കരാർ റദ്ദാക്കാൻ ഇന്ത്യ തീരുമാനിച്ചതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തന്റെ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി.









Discussion about this post