വർഷങ്ങൾക്ക് മുമ്പാണ്, ഇതിഹാസ ബാറ്റ്സ്മാനായി മാറുന്നതിന് മുമ്പ് അന്നത്തെ യുവതാരം ബ്രയാൻ ലാറ ഒരു കൗണ്ടി ഗെയിം കളിക്കുകയായിരുന്നു. അദേഹത്തെ ഒരുപാട് ഇഷ്ടപെട്ടതിനാൽ താരത്തിൽ നിന്ന് ഒരു ഓട്ടോഗ്രാഫ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അമച്വർ ക്രിക്കറ്റ് താരം ആയിരുന്ന കെനിയൻ താരം മൗറീസ് ഒഡുംബെ അദ്ദേഹത്തെ സമീപിച്ചു. ലാറ ആകട്ടെ എനിക്ക് ഓട്ടോഗ്രാഫ് ഒന്നും തരാൻ പറ്റില്ല എന്ന മൂക്കിൽ ആയിരുന്നു. ഒഡുംബെ ആകട്ടെ ഒരുപാട് ആഗ്രഹിച്ചിട്ടും ലാറ ഇങ്ങനെ തന്നോട് പറഞ്ഞതിന്റെ നിരാശയിൽ ആയിരുന്നു അപ്പോൾ.
വർഷം 1996 , ക്രിക്കറ്റ് ലോകകപ്പ് കാലം ആയിരുന്നുഅപ്പോൾ. ബ്രയാൻ ലാറയെപ്പോലെ ശക്തരായ താരങ്ങളടങ്ങിയ വെസ്റ്റ് ഇൻഡീസ്, ദുർബലർ എന്ന് കരുതപ്പെട്ട ക്യാപ്റ്റൻ മൗറീസ് ഒഡുംബെ നയിക്കുന്ന കെനിയൻ ടീമിനെ നേരിടുകയായിരുന്നു. എല്ലാ സാധ്യതകൾക്കും എതിരായി, വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി കെനിയ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു.
ചരിത്രപരമായ അട്ടിമറിക്ക് ശേഷം, 15 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയതിന് ശേഷം മാൻ ഓഫ് ദി മാച്ച് ആയ ഒഡുംബെ വെസ്റ്റ് ഇൻഡീസ് ഡ്രസ്സിംഗ് റൂമിലേക്ക് പ്രവേശിച്ചു. അദ്ദേഹം ലാറയെ സമീപിച്ചു, കണ്ണുകളിലേക്ക് നോക്കി, പുഞ്ചിരിച്ചുകൊണ്ട് ഒരു കടലാസ് കഷണം അദ്ദേഹത്തിന് നൽകി. ഒഡുംബെ പറഞ്ഞു, “ഞാൻ നിങ്ങളുടെ ഓട്ടോഗ്രാഫ് ചോദിച്ചു, നിങ്ങൾ അത് നൽകിയില്ല. ഇപ്പോൾ നിങ്ങൾക്ക് എന്റേത് എടുക്കാം”.
മധുര പ്രതികാരത്തിന്റെയും ക്രിക്കറ്റ് സൗഹൃദത്തിന്റെയും സമ്മിശ്രമായ ആ നിമിഷം, ബ്രയാൻ ലാറയുമായി ബന്ധപ്പെട്ട പ്രശസ്തമായ ഒരു കഥയായി മാറി. ഇത് കായികരംഗത്തിന്റെ പ്രവചനാതീതമായ സ്വഭാവത്തെയും അഹങ്കാരത്തിന് കിട്ടുന്ന തിരിച്ചടിയെയും കാണിക്കുന്നു. ക്രിക്കറ്റിലെ ഒരു റിയൽ തഗ് ലൈഫ് സീനായിട്ടും നമുക്ക് ഇതിനെ പറയാം.













Discussion about this post