കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ.ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ എന്ന 35 കാരനാണ് പിടിയിലായത്. കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ് ഇയാൾ. 15 വർഷമായി ഇയാൾ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്യുകയാണ്.
ജിതിൻ കഞ്ചാവ് വിൽപ്പനയിൽ ഏർപ്പെടുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് നടപടികൾ.
ബുധനാഴ്ച പുലർച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിൻചുവട് ജംക്ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. 1.286 കിലോ കഞ്ചാവു പിടിച്ചെടുത്തു. ആലപ്പുഴ എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Discussion about this post