വാഷിംഗ്ടൺ : റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനെതിരെ ഭീഷണിയുടെ സ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈനെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 15 ന് അലാസ്കയിൽ നടക്കുന്ന ഇരു നേതാക്കളും തമ്മിലുള്ള ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് ട്രംപിന്റെ ഈ പരാമർശം.
വാഷിംഗ്ടൺ ഡിസിയിലെ കെന്നഡി സെന്ററിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ട്രംപ് ഭീഷണി മുഴക്കിയത്. “റഷ്യ വഴങ്ങിയില്ലെങ്കിൽ
അനന്തരഫലങ്ങൾ ഉണ്ടാകും. എന്തൊക്കെ തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
വെള്ളിയാഴ്ച പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, താനും റഷ്യൻ പ്രസിഡന്റും യുക്രെയ്നിന്റെ വോളോഡിമർ സെലെൻസ്‌കിയും ഉൾപ്പെടുന്ന സഖ്യം ഭാവിയിൽ ഒരു ത്രിരാഷ്ട്ര കൂടിക്കാഴ്ചയും നടത്തുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. എന്നാൽ ആദ്യ കൂടിക്കാഴ്ചയിൽ താൻ ആഗ്രഹിക്കുന്ന ഉത്തരങ്ങൾ ലഭിച്ചില്ലെങ്കിൽ രണ്ടാമത്തെ കൂടിക്കാഴ്ച ഉണ്ടാകില്ലെന്നും ഇതേ വേദിയിൽ ട്രംപ് പറഞ്ഞു.
2021 ന് ശേഷം ഒരു യുഎസ് പ്രസിഡന്റും റഷ്യൻ പ്രസിഡന്റും തമ്മിലുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയാണ് ഓഗസ്റ്റ് 15ന് അലാസ്കയിൽ വച്ച് നടക്കാൻ പോകുന്നത്. ഈ കൂടിക്കാഴ്ചയോടെ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ കഴിയും എന്നാണ് ട്രംപ് പ്രതീക്ഷിക്കുന്നത്. നോബൽ സമ്മാനത്തിനുള്ള പരിശ്രമങ്ങളുടെ തുടർച്ചയായി റഷ്യയും യുക്രെയ്നും തമ്മിൽ വർഷങ്ങളായി തുടർന്നിരുന്ന യുദ്ധം താൻ ഇടപെട്ട് അവസാനിപ്പിച്ചു എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ ട്രംപ് നടത്തുന്നത്.
Discussion about this post