ക്രിക്കറ്റ് കണ്ട ഏറ്റവും അപകടകാരിയായ താരങ്ങളിൽ ഒരാളായാണ് വീരേന്ദർ സെവാഗിനെ കണക്കാക്കുന്നത്. തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ എതിർ ബോളർമാർ പലരുടെയും ഉറക്കം കെടുത്തിയിട്ടുള്ള താരം കൂടിയാണ് സെവാഗ്. ഇന്ത്യയ്ക്കായി ഓപ്പണിങ് വിക്കറ്റിൽ ഇറങ്ങി വീരു നൽകിയ തകർപ്പൻ തുടക്കങ്ങൾ ആരും തന്നെ മറക്കാനിടയില്ല. 2015 ൽ വിരമിച്ചതിനുശേഷവും അവസരം കിട്ടുമ്പോൾ എല്ലാം കളത്തിൽ ഇറങ്ങി തന്റെ പഴയ വെടിക്കെട്ട് ബാറ്റിംഗ് സെവാഗ് ആവർത്തിക്കുകയും ചെയ്യാറുണ്ട്.
എന്നിരുന്നാലും, ഏറ്റവും മികച്ച കായികതാരങ്ങൾ പോലും കരിയറിന്റെ ഏതെങ്കിലും ഒരു പോയിന്റിൽ മോശം ഫോമിലൂടെ കടന്നുപോകും. സെവാഗിന്റെ കാര്യത്തിലും വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. 2011 ലോകകപ്പ് കളിക്കുന്നതിന് മുമ്പ് തന്നെ ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഒരിക്കൽ ചിന്തിച്ചിരുന്നു. ഇന്ത്യ ലോകകപ്പിൽ മുത്തമിടുമ്പോൾ ആ ടൂർണമെന്റിൽ സെവാഗ് വഹിച്ച പങ്ക് വലുതായിരുന്നു.
2007-08 കാലഘട്ടത്തിൽ നടന്ന ആ സംഭവം, പദംജീത് സെഹ്‌റാവത്തിന്റെ പോഡ്‌കാസ്റ്റിൽ സേവാഗ് ഓർമ്മിച്ചു. ഈ സംഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്യവേ, തന്റെ ഒരു കാലത്ത് ഓപ്പണിംഗ് പങ്കാളിയും – തന്റെ ആരാധനാപാത്രവുമായിരുന്ന സച്ചിൻ ടെണ്ടുൽക്കർ ആണ് തന്നെ ആ തീരുമാനവും തിടുക്കത്തിൽ എടുക്കരുതെന്ന് പ്രേരിപ്പിച്ചതെന്ന് സെവാഗ് പരാമർശിച്ചു.
“2007-08 ലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ, ഞാൻ ആദ്യ മൂന്ന് മത്സരങ്ങൾ കളിച്ചു, തുടർന്ന് എം.എസ്. ധോണി എന്നെ ടീമിൽ നിന്ന് ഒഴിവാക്കി. അതിനുശേഷം കുറച്ചു കാലത്തേക്ക് എന്നെ ടീമിൽ ഉൾപ്പെടുത്തിയില്ല. പിന്നീട് എനിക്ക് പ്ലെയിംഗ് ഇലവന്റെ ഭാഗമാകാൻ കഴിയുന്നില്ലെങ്കിൽ, ഏകദിന ക്രിക്കറ്റ് കളിക്കുന്നതിൽ അർത്ഥമില്ലെന്ന് എനിക്ക് തോന്നി.”
“ഞാൻ സച്ചിന്റെ അടുത്ത് ചെന്ന് പറഞ്ഞു, ‘ഏകദിനത്തിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്’. അദ്ദേഹം പറഞ്ഞു, ‘നീ അത് ചെയ്യരുത്. 1999-2000 കാലഘട്ടത്തിൽ സമാനമായ ഒരു ഘട്ടത്തിലൂടെ ഞാൻ കടന്നുപോയി, അവിടെ എനിക്ക് ക്രിക്കറ്റ് വിടണമെന്ന് തോന്നി. പക്ഷേ ആ ഘട്ടം കടന്നു പോയി. നിങ്ങൾ ഒരു പ്രതിസന്ധിയിലൂടെ പോകുന്നു, പക്ഷേ അത് കടന്നുപോകും. നിങ്ങൾ വികാരഭരിതരാകുമ്പോൾ ഒരു തീരുമാനവും എടുക്കരുത്. നിങ്ങൾ കുറച്ച് സമയവും 1-2 പരമ്പരയും നന്നായി കളിക്കാൻ നോക്കുക. തുടർന്ന് ഒരു തീരുമാനം എടുക്കുക,” സെവാഗ് ഓർമ്മിച്ചു.
പരാമർശിക്കപ്പെട്ട പരമ്പരയിൽ സെവാഗ് അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 16.20 എന്ന മോശം ശരാശരിയിൽ 81 റൺസ് മാത്രമേ നേടിയിട്ടുള്ളൂ.












Discussion about this post