ന്യൂഡൽഹി : ചൈനീസ് വിദേശകാര്യ മന്ത്രി തിങ്കളാഴ്ച ഇന്ത്യ സന്ദർശിക്കും. ചൈനീസ് വിദേശകാര്യ മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പൊളിറ്റ്ബ്യൂറോ അംഗവുമായ വാങ് യി രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനാണ് എത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്.
ന്യൂഡൽഹിയിലെത്തുന്ന അദ്ദേഹം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നത്തെക്കുറിച്ചുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയുടെ 24-ാം റൗണ്ട് മന്ത്രിയുടെ ഈ സന്ദർശനത്തിൽ വച്ച് നടക്കും. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യൻ സന്ദർശനത്തെ ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്‌ഹോങ് സ്വാഗതം ചെയ്തു.
കിഴക്കൻ ലഡാക്കിലെ 2020 ലെ അതിർത്തി സംഘർഷത്തെത്തുടർന്ന് ബന്ധം സുസ്ഥിരമാക്കാൻ ചൈനയും ഇന്ത്യയും തമ്മിൽ ഇപ്പോൾ ഫലപ്രദമായ ചർച്ചകളാണ് നടത്തുന്നത്. ഈ മാസം അവസാനം ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നതിന് മുന്നോടിയായാണ് വാങ് യിയുടെ ഇന്ത്യയിലേക്കുള്ള ഈ നിർണായക സന്ദർശനം.
Discussion about this post