ന്യൂഡൽഹി : വോട്ട് മോഷണ ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം. ഏഴു ദിവസത്തിനുള്ളിൽ സത്യവാങ്മൂലം നൽകിയില്ലെങ്കിൽ രാഹുൽ ഗാന്ധി മാപ്പ് പറയണം എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. സത്യവാങ്മൂലം നൽകാതിരിക്കുന്നത് ആരോപണങ്ങൾ തെറ്റാണെന്ന് കണക്കാക്കാൻ ഇടയാക്കും. സത്യവാങ്മൂലം സമർപ്പിക്കുക അല്ലെങ്കിൽ ക്ഷമാപണം നടത്തുക, മറ്റ് മാർഗങ്ങളൊന്നുമില്ല എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷണർ പൂർണ്ണമായും തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന്റേതല്ലാത്ത കണക്കുകൾ ആണ് രാഹുൽ ഗാന്ധി ഒരു പവർ പോയിന്റ് പ്രസന്റേഷനിലൂടെ രാജ്യത്തിന് മുൻപിൽ അവതരിപ്പിച്ചത്. ഒരു നുണ എങ്ങനെ അവതരിപ്പിച്ചാലും സത്യമാകില്ല. നിങ്ങളുടെ ആരോപണങ്ങൾ തെളിയിക്കണമെങ്കിൽ അതിനുള്ള തെളിവുകൾ നിങ്ങൾ നൽകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
എസ്‌ഐആർ പരിശോധന ഇത്ര പെട്ടെന്ന് എന്തിനാണ് ചെയ്യുന്നതെന്ന് ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. വോട്ടർപട്ടിക തിരഞ്ഞെടുപ്പിന് മുൻപാണ് ശേഷമാണോ തിരുത്തേണ്ടത് എന്നാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത്. ജനപ്രാതിനിധ്യ നിയമം എല്ലാ തിരഞ്ഞെടുപ്പിനും മുമ്പും വോട്ടർ പട്ടിക തിരുത്തണമെന്ന് പറയുന്നു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപരമായ ഉത്തരവാദിത്തമാണ്.
ഒരേ വോട്ടരുടെ പേര് വിവിധ സ്ഥലങ്ങളിൽ ഉൾപ്പെട്ടതിനെ കുറിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മറുപടി നൽകി. 2003 ന് മുമ്പ്, പഴയ സ്ഥലത്ത് നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യേണ്ടിവന്നാൽ, എല്ലാ ഡാറ്റയും ഒരിടത്ത് സൂക്ഷിക്കുന്ന ഒരു വെബ്‌സൈറ്റ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2003 ന് മുമ്പ് സാങ്കേതിക സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ, വ്യത്യസ്ത സ്ഥലങ്ങളിലേക്ക് താമസം മാറിയ നിരവധി ആളുകളുടെ പേരുകൾ ഒന്നിലധികം സ്ഥലങ്ങളിൽ ചേർത്തിരുന്നു. ഇന്ന് സാങ്കേതികവിദ്യ ഉയർന്ന നിൽക്കുന്ന സാഹചര്യത്തിൽ വോട്ടർക്ക് തന്നെ അത് നീക്കം ചെയ്യാൻ കഴിയുന്നതാണ്. രണ്ടു സ്ഥലങ്ങളിൽ പേര് വന്നെന്നു കരുതി രണ്ട് സ്ഥലത്ത് പോയി വോട്ട് ചെയ്യാൻ കഴിയില്ല. കൂടാതെ പൂജ്യം വീട്ടു നമ്പറുകൾ വന്നത് വീടില്ലാത്ത വോട്ടർമാരുടേതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.









Discussion about this post