ന്യൂഡൽഹി : രണ്ടുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. എസ്‌സിഒ ഉച്ചകോടിയിലേക്ക് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ക്ഷണപ്രകാരമാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി ഇന്നലെ ന്യൂഡൽഹിയിൽ എത്തിയത്.
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിലേക്കുള്ള പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദേശവും ഔദ്യോഗിക ക്ഷണവും വാങ് യി പ്രധാനമന്ത്രി മോദിക്ക് കൈമാറി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും വിശ്വസനീയവും ക്രിയാത്മകവുമായ ബന്ധം പ്രാദേശിക, ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഗണ്യമായ സംഭാവന നൽകുമെന്നും മോദി സൂചിപ്പിച്ചു.
നേരത്തെ, ചൈന-ഇന്ത്യ അതിർത്തി സംബന്ധിച്ച വിഷയത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലും തമ്മിൽ 24-ാമത് പ്രത്യേക പ്രതിനിധി തല ചർച്ചകൾ നടത്തിയിരുന്നു. കൂടാതെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായും അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി.
Discussion about this post