2019 ലെ ലോകകപ്പ് ടീമിൽ നിന്ന് അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. ടൂർണമെന്റിന് തൊട്ടുമുമ്പ് വിരാട് കോഹ്‌ലി നയിക്കുന്ന ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ താരം രംഗത്ത് വരുകയും ബിസിസിഐയും സെലെക്ടർമാരെയും പരിഹസിക്കുകയും ചെയ്തിരുന്നു. നാലാം നമ്പറിൽ ഇറങ്ങും എന്ന് കരുതപ്പെട്ടിരുന്ന താരത്തെ ഒരു സുപ്രഭാതത്തിൽ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഏവർക്കും ഞെട്ടൽ ആയിരുന്നു. ബിസിസിഐ 3 D താരം എന്നൊക്ക വിളിച്ച വിജയ് ശങ്കർ ആയിരുന്നു താരത്തിന്റെ പകരക്കാരനായി എത്തിയത്.
ഈ വർഷം തുടക്കത്തിൽ, റായിഡുവിന്റെ പെട്ടെന്നുള്ള ടീമിലെ പുറത്താക്കലിനും ശേഷമുള്ള വിരമിക്കലിനും കോഹ്‌ലിക്കെതിരെ റോബിൻ ഉത്തപ്പ വിരൽ ചൂണ്ടിയിരുന്നു. “വിരാട് കോഹ്‌ലിക്ക് ആരെ എങ്കിലും ഇഷ്ടമല്ലെങ്കിൽ അല്ലെങ്കിൽ അവർ അത്ര പോരാ എന്ന് തോന്നിയാൽ, അവരെ ടീമിൽ നിന്നും ഒഴിവാക്കും. റായിഡു അതിന് ഉത്തമ ഉദാഹരണമാണ്. ഇത് നിരാശാജനകമാണ്. എല്ലാവർക്കും അവരവരുടെ ഇഷ്ടാനിഷ്ടങ്ങളുണ്ട്, പക്ഷേ ഒരു കളിക്കാരനെ ഇഷ്ടമില്ല എന്ന് പറഞ്ഞ് അയാളെ ഒഴിവാക്കുന്നത് നല്ലതല്ല. ലോകകപ്പ് ടീമിൽ അവൻ സ്ഥാനം ഉറപ്പിച്ചത് ആയിരുന്നു. പക്ഷെ അവനെ ഒഴിവാക്കി” ഉത്തപ്പ പറഞ്ഞു.
ഉത്തപ്പയുടെ പരാമർശങ്ങൾ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായെങ്കിലും, ആ സമയത്ത് കോഹ്‌ലിയുടെ നിലപാട് പ്രധാനമായിരുന്നു എന്ന് റായിഡു സമ്മതിച്ചു. കോഹ്‌ലി തന്റെ കരിയർ മുഴുവൻ തന്നെ പിന്തുണച്ചിരുന്നുവെനെഞ്ചും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. “റോബിൻ പറഞ്ഞത് പൂർണ്ണമായും ശരിയാണ്. ആ സമയത്ത് അങ്ങനെ ഒന്ന് സംഭവിച്ചു. നേരത്തെ ഒരു അഭിമുഖത്തിൽ, എന്നെ പിന്തുണച്ചത് വിരാട് ആണെന്ന് ഞാൻ പറഞ്ഞിരുന്നു. ദിവസാവസാനം, വികാരങ്ങൾ ചിലപ്പോൾ ആളുകളെ കീഴടക്കും. ആ സമയത്ത്, തീരുമാനം ക്രിക്കറ്റിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് ഞാൻ വിശ്വസിച്ചു. അത് കൂട്ടായ തീരുമാനമായിരുന്നു, മാനേജ്‌മെന്റ് എടുത്ത തീരുമാനമായിരുന്നു. സെലക്ടർമാരെയോ ക്യാപ്റ്റനെയോ പരിശീലകനെയോ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല. ” ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിലെ ഒരു സംഭാഷണത്തിൽ റായിഡു പറഞ്ഞു.
“അതെ, 2019 ലോകകപ്പിനുള്ള ജേഴ്‌സിയും കിറ്റും എന്റെ കൈവശം ഉണ്ടായിരുന്നു, കാരണം അവർ പാസ്‌പോർട്ടുകൾ, വിസകൾ, വസ്ത്രങ്ങൾ ഉൾപ്പടെ എല്ലാം റെഡിയാക്കി കാത്തിരിക്കാൻ പറഞ്ഞു. എല്ലാം മുൻകൂട്ടി നൽകിയിരുന്നു. അതിനുശേഷം അന്തിമ തിരഞ്ഞെടുപ്പ് വരുക ആയിരുന്നു.”
Discussion about this post